ഹണി ട്രാപ്പ്‌ കൊലപാതകം ; ചുരുളഴിച്ചത്‌ എഐ കാമറകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 29, 2023, 01:48 AM | 0 min read


തിരൂർ
ഹോട്ടൽ വ്യാപാരിയായ മേച്ചേരി സിദ്ദിഖിനെ ഹണി ട്രാപ്പിൽ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാൻ പൊലീസിന്‌ സഹായമായത്‌ എഐ കാമറകൾ. സിദ്ദിഖിന്റെ കാർ പെരിന്തൽമണ്ണ, പുലാമന്തോൾ ഭാഗങ്ങളിലൂടെ സഞ്ചരിച്ചതിന്റെ ദൃശ്യം ലഭിച്ചത്‌ പൊലീസിനെ വേഗം പ്രതികളിലേക്ക്‌ എത്തിച്ചു.

പതിനെട്ടുമുതൽ സിദ്ദിഖിനെ കാണാനില്ലെന്ന്‌ 21ന്‌ വൈകിട്ടാണ്‌ വീട്ടുകാർ തിരൂർ പൊലീസിനെ അറിയിക്കുന്നത്‌. അന്നുതന്നെ അന്വേഷണം തുടങ്ങിയെങ്കിലും രേഖാമൂലം പരാതി കിട്ടിയത്‌ പിന്നീടാണ്‌. കോഴിക്കോട്‌ എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസ ഇന്നിൽ 18ന് സിദ്ദിഖ് മുറിയെടുത്തതായി സൈബർസെൽ കണ്ടെത്തി. 23ന് വൈകിട്ടാണ്‌ കാറിന്റെ യാത്രാവിവരം എഐ കാമറകളിൽനിന്ന്‌ ലഭിച്ചത്.  ഷിബിലിയുമായും ഫർഹാനയുമായും സിദ്ദിഖ് ഫോണിൽ ബന്ധപ്പെട്ടതായി മനസ്സിലാക്കി. ഇരുവരേയും വിളിച്ച്‌ സിദ്ദിഖിനെക്കുറിച്ച്‌ അന്വേഷിച്ചെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. അതിനുശേഷം അവരുടെ ഫോൺ ഓഫായിരുന്നു. ഫർഹാനയുടെ ഫോൺ വിളി വിശദാംശത്തിൽനിന്നാണ്‌ ആഷിഖുമായുള്ള ബന്ധം അറിഞ്ഞതും കസ്റ്റഡിയിലെടുത്തതും.

റിമാൻഡിലുള്ള പ്രതികളെ പൊലീസ്‌ കസ്‌റ്റഡിയിൽ കിട്ടാൻ തിരൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തിങ്കളാഴ്‌ച അപേക്ഷ നൽകും. ഷിബിലി (22), ഫർഹാന (18) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുക. മൂന്നാം പ്രതി ആഷിഖിനെ പിന്നീട് കസ്റ്റഡിയിൽ വാങ്ങും.

കൊലപാതകം 4 മിനിറ്റിൽ
ഹണി ട്രാപ്പ്‌ ആസൂത്രണംചെയ്‌തശേഷം 18ന്‌ വൈകിട്ട്‌ 5.30ന്‌ ഫർഹാനയാണ് ആദ്യം സിദ്ദിഖിന്റെ മുറിയിൽ എത്തിയത്. പിന്നീട്‌ ഷിബിലിയും കയറി. നഗ്നചിത്രം എടുക്കാനുള്ള ഷിബിലിയുടെ ശ്രമം സിദ്ദിഖ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. ആ സമയം ആഷിഖ് എത്തി. ഷിബിലി കത്തികൊണ്ട് സിദ്ദിഖിന്റെ കഴുത്തിൽ വരഞ്ഞ് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. പിടിവലിക്കിടെ ഷിബിലി ചുറ്റികകൊണ്ട് സിദ്ദിഖിന്റെ തലയ്‌ക്കടിച്ചു. നിലത്തുവീണപ്പോൾ നെഞ്ചിൽ ആഷിഖ് ശക്തിയായി ചവിട്ടി. ഫർഹാനയും ചുറ്റികകൊണ്ട് തലയ്‌ക്കടിച്ചു. നാലുമിനിറ്റിൽ മരണം സംഭവിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home