റവന്യൂ ഓഫീസുകളിൽ വട്ടമിട്ടു പറക്കാന്‍ ഏജന്റുമാരെ അനുവദിക്കില്ല : മന്ത്രി കെ രാജന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 27, 2023, 08:55 PM | 0 min read

തൃശൂർ
ജനങ്ങളെ സഹായിക്കാനെന്ന വ്യാജേന റവന്യൂ ഓഫീസുകളിൽ വട്ടമിട്ടുപറക്കാൻ ഏജന്റുമാരെ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ  ഉൾപ്പെടെ ഇത്തരം ഏജന്റുമാരുടെ ഇടപെടൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവരുമായി കൈകോർത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇവരെ പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നടപടികളുടെ സാധ്യത പരിശോധിക്കും.
മുൻകാലങ്ങളെ അപേക്ഷിച്ച് സർക്കാർ ഉദ്യോഗസ്ഥർക്കിടയിലെ അഴിമതി വലിയ അളവിൽ കുറയ്ക്കാനായെങ്കിലും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സമീപകാലത്തെ ചില സംഭവങ്ങൾ. അഴിമതിയോട് സന്ധിയില്ലാത്ത നിലപാടാണ് സർക്കാരിനുള്ളത്. പാലക്കയം അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ശക്തമായ നടപടികളാണ് സർക്കാർ കൈക്കൊണ്ടുവരുന്നത്. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ ഉടൻതന്നെ സസ്പെൻഡ് ചെയ്‌തു. വിജിലൻസ് അന്വേഷണത്തിനുപുറമെ, സംഭവവുമായി മറ്റേതെങ്കിലും ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനായി റവന്യൂ വകുപ്പ് ജോയിന്റ് സെക്രട്ടറി ജെ ബിജുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കും.

മൂന്നു വർഷത്തിലേറെയായി ഒരു വില്ലേജ് ഓഫീസിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരെയും കൃത്യമായ ഇടവേളകളിൽ സ്ഥലം മാറ്റും. സർക്കാരിന്റെ വിജിലൻസ് സംവിധാനത്തിനു പുറമെ, റവന്യൂ വിജിലൻസ് ടീം, കലക്ടർമാരുടെ നേതൃത്വത്തിലുള്ള ഇൻസ്പെക്ഷൻ വിംഗ്, ലാന്‍ഡ് റവന്യൂ കമീഷണറുടെ നേതൃത്വത്തിലുള്ള പരിശോധനാ വിഭാഗം എന്നീ സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് അഴിമതിക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ ഓരോ വീട്ടിലുമെത്തി പരിശീലനം നൽകുന്നതിനുള്ള റവന്യൂ ഇ- സാക്ഷരതാ പദ്ധതി നവംബറിൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home