ഇടമലക്കുടിക്ക് സ്വപ്‌ന‌ സാക്ഷാത്ക്കാരം: കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 24, 2023, 03:27 PM | 0 min read

തിരുവനന്തപുരം > കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തിലെ ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയ് 25 രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയോടനുബന്ധിച്ചാണ് ഇവ യാഥാര്‍ഥ്യമാക്കിയത്. എംഎല്‍എ എ രാജ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ചട്ടമൂന്നാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തനോദ്ഘാടനവും അന്നേ ദിവസം തന്നെ നടക്കും.

1.25 കോടി രൂപ ചെലവഴിച്ച് കെട്ടിടം ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളൊരുക്കിയാണ് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാര്‍ഥ്യമാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇടമലക്കുടി, ചട്ടമൂന്നാര്‍ ആശുപത്രികള്‍ക്ക് 8 വീതം സ്ഥിരം തസ്തികകള്‍ അനുവദിച്ചു. ഇടമലക്കുടിയില്‍ 3 സ്ഥിര ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റ്, ഹോസ്പിറ്റല്‍ അറ്റന്റഡര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, ഓഫീസ് ക്ലാര്‍ക്ക് എന്നിവരെ നിയമിച്ചു. ലാബ് ടെക്‌നീഷ്യനെ ഉടന്‍ നിയമിക്കുന്നതാണ്. ഇതുകൂടാതെ 4 താത്ക്കാലിക സ്റ്റാഫ് നഴ്‌സുമാരേയും നിയമിച്ചു. കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോള്‍ ചികിത്സയോടൊപ്പം, ലാബ് പരിശോധനകള്‍, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ കുത്തിവെയ്പ്പ് എന്നിവ ലഭ്യമാക്കുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ ചികിത്സയ്ക്കായി മൂന്നാറില്‍ എത്തിക്കുന്നതിനായി ഫോര്‍ വീല്‍ ഡ്രൈവുള്ള ജീപ്പും നല്‍കി. ജീവനക്കാര്‍ക്ക് ഇടമലക്കുടിയില്‍ താമസിക്കുന്നതിനായി ക്വാര്‍ട്ടേഴ്സ് സംവിധാനം ഉറപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി.

ആദിവാസികള്‍ മാത്രം താമസിക്കുന്ന ഇടമലക്കുടി, മൂന്നാര്‍ ടൗണില്‍ നിന്നും 36 കിലോമീറ്റര്‍ വടക്ക് മാറി വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കൊടും വനത്തിനുള്ളിലാണ്. ഇവിടെയൊരു മികച്ച ആരോഗ്യ കേന്ദ്രം ഒരുക്കുക എന്നത് ദീര്‍ഘകാല സ്വപ്നമായിരുന്നു. പെട്ടിമുടിയില്‍ നിന്നും 20ലധികം കിലോമീറ്റര്‍ കാല്‍ നടയായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നേരത്തെ ഇടമലക്കുടിയില്‍ കുട്ടികളുടെ കുത്തിവെയ്പ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തങ്ങള്‍ക്കായി എത്തിയിരുന്നത്. അതിനും മാറ്റം വരുന്നുണ്ട്. സര്‍ക്കാര്‍ നടത്തിയ തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമാണ് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home