ബിരുദ–പിജി സിലബസ‌് പരിഷ‌്കരിക്കണം: മന്ത്രി ജലീൽ

വളാഞ്ചേരി
ബിരുദതലത്തിൽ മൂന്ന് വർഷത്തിലും പിജി തലത്തിൽ രണ്ട് വർഷത്തിലും ഒരിക്കൽ സിലബസ് പരിഷ്കരിക്കണമെന്ന‌് മന്ത്രി ഡോ. കെ ടി ജലീൽ പറഞ്ഞു. സർവകലാശാലാ തലത്തിൽ സിലബസ് ഏകീകരിക്കേണ്ടതുണ്ട്. ഡിസ്റ്റൻസ് മോഡിലുള്ള വിദ്യാഭ്യാസവും ഏകീകരിക്കണം. ഉന്നത വിദ്യാഭ്യാസരംഗത്ത് സർവകലാശാലാ തലത്തിൽ നിലവിലുള്ള തുല്യതാ സർട്ടിഫിക്കറ്റ് ഇനി ആവശ്യമില്ല എന്നാണ് സർക്കാർ തീരുമാനം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ‌്കരണത്തിന‌് ശക്തി പകരുന്നതിനും മുൻപന്തിയിൽ നിൽക്കുന്നതിനും അധ്യാപകർ നേതൃത്വ പരമായ പങ്ക് വഹിക്കണം. വളാഞ്ചേരി എം ഇ എസ് കോളേജിൽ എകെപിസിടിഎ ഉന്നത വിദ്യാഭ്യാസ കമീഷൻ കൊളോക്യം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗസ്റ്റ് അധ്യാപകരുടെ ദിവസ വേതനം വേഗത്തിൽ ലഭിക്കാനുള്ള സംവിധാനം ഏർപ്പെടുത്തും. ഏൺഡ് ലീവ് സറണ്ടർ ആനുകൂല്യം ഈ സർക്കാർ പുനഃസ്ഥാപിച്ചിട്ടും തടസ്സങ്ങൾ തുടരുന്നുണ്ട്. ഇത് ഉടൻ പരിഹരിക്കും. ജൂനിയർ ലക്ചറർ തസ്തികയിൽ ജോലി ചെയ്യുന്ന ചുരുക്കം അധ്യാപകർ നേരിടുന്ന സർവീസ് പ്രശ്നങ്ങളും പരിഹരിക്കും. ഈ മേഖലയിൽ നിലനിൽക്കുന്ന ബ്രോക്കൺ സർവീസ് പ്രശ്നം സമയബന്ധിതമായി പരിഹരിക്കും. ഏഴാം യുജിസി ശമ്പള പരിഷ്കരണം നടപ്പാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
‘വജ്രയാനം' വജ്രജൂബിലി ജേണൽ പതിപ്പ് സംഘടനാ നേതാക്കളായിരുന്ന ഡോ. കെ കെ ബാലചന്ദ്രൻ നായർ, ഡോ. സി അബ്ദുൾ മജീദ് എന്നിവർക്ക‌് നൽകി മന്ത്രി പ്രകാശനംചെയ‌്തു. എകെപിസിടിഎ പ്രസിഡന്റ‌് ഡോ. സി പത്മനാഭൻ അധ്യക്ഷനായി. ‘കേരള പ്രൈവറ്റ് ടീച്ചർ ' ചീഫ് എഡിറ്റർ ഡോ. എൻ എം സണ്ണി പതിപ്പ് പരിചയപ്പെടുത്തി. എംഇഎസ‌് പ്രിൻസിപ്പൽ ഡോ. സി അബ്ദുൾ ഹമീദ്, പ്രൊഫ. കെ പി ഹസ്സൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഡോ. പി എൻ ഹരികുമാർ സ്വാഗതവും ജനറൽ കൺവീനർ ഡോ. കെ പി വിനോദ് കുമാർ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർപേഴ്സൺ ഡോ. പി കെ കുശലകുമാരി അധ്യക്ഷയായി.
സംസ്ഥാന അക്കാദമിക് കമ്മിറ്റി കൺവീനർ ഡോ. വി പി മാർക്കോസ് സംസാരിച്ചു. അക്കാദമിക് കമ്മിറ്റി ചെയർമാൻ ഡോ. കെ സന്തോഷ് സ്വാഗതവും ജില്ലാ സെക്രട്ടറി ഡോ. എം ബി ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.









0 comments