വിഷുവെത്തും മുമ്പേ പൂത്തുലഞ്ഞ‌് കണിക്കൊന്ന

വണ്ടൂർ
വിഷു എത്തുംമുമ്പേ കണിക്കൊന്നകൾ പൂത്തുലഞ്ഞു. സാധാരണ മീനമാസത്തിലെ ചൂടേറ്റാണ‌് കണിക്കൊന്ന പൂത്തുലയാറ്.
എന്നാൽ ഈ വർഷം ഡിസംബർ, ജനുവരി മാസങ്ങളിൽതന്നെ കൊന്ന പൂവിട്ടു. സംസ്ഥാന പുഷ്പംകൂടിയായ കണിക്കൊന്നയുടെ മനോഹാരിത കണികണ്ടാണ് കേരളീയര്‍ കാര്‍ഷിക വര്‍ഷ പിറവി ദിനമായ വിഷു ആഘോഷിക്കുന്നത്. കാഷ്യ ഫിസ്റ്റുലയെന്നാണ‌് ഇതിന്റെ ശാസ്ത്രനാമം.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിഷുവിന‌് മുമ്പേ കൊന്നകൾ പൂക്കുന്നുണ്ട‌്. അതിനാൽ വിഷുത്തലേന്ന് കണിവയ്ക്കാൻ പൂവിനായി നെട്ടോട്ടമോടേണ്ട സ്ഥിതിയാണ് മലയാളികൾക്ക്.
കഠിനമായ ചൂടും കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണ് ഇവ നേരത്തേ പൂക്കാൻ കാരണം. മീനച്ചൂടില്‍ ഉരുകിയ മണ്ണിലെ സ്വര്‍ണത്തെ സ്വാംശീകരിച്ച് പൂക്കളായി വിരിയിക്കുകയാണെന്ന‌് കവികൾ പാടിയിട്ടുണ്ട‌്. ഈ ചെറുവൃക്ഷം വളർത്തുന്നതിന് സൂര്യപ്രകാശം ലഭിക്കുന്നതും നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലമാണ് അനുയോജ്യം. കൊന്ന പൂത്ത് ഏകദേശം രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നീണ്ട മുരിങ്ങയോട് സാദൃശ്യമുള്ള കായ്കള്‍ ഇലയില്ലാത്ത കമ്പുകളില്‍ തൂങ്ങിക്കിടക്കുന്നത് കാണാം. ഇവ മൂത്ത് കറുത്ത് പാകമാകുമ്പോള്‍ വിത്തുകള്‍ ശേഖരിച്ച് മുളപ്പിച്ചും നടുവാനുള്ള തൈകള്‍ ഉണ്ടാക്കാം. രണ്ടടി സമചതുരത്തിലും അത്രതന്നെ ആഴത്തിലുമുള്ള കുഴികള്‍ ഉണ്ടാക്കി അതില്‍ ജൈവവളവും മണ്ണും ചേർത്ത് നിറച്ച് അതിന് മുകളിലായി തൈകള്‍ നടാം. നട്ട് ചെറിയ തോതില്‍ പരിചരണവും തണലും നല്‍കിയാല്‍ നാലോ അഞ്ചോ വര്‍ഷമാകുമ്പോഴേക്കും മനോഹരമായ പൂങ്കുലകള്‍ ഉണ്ടായിത്തുടങ്ങും.
ചെറുവൃക്ഷമായതിനാല്‍ സ്ഥലപരിമിതി ഉള്ളവര്‍ക്കുപോലും ഇവ നട്ടുവളർത്താം.









0 comments