കേരള ചിക്കന‌് പ്രിയമേറുന്നു

മലപ്പുറം
"ശുദ്ധമായ കോഴിയിറച്ചി, മറ്റു കടകളേക്കാൾ 20 മുതൽ 30 രൂപ വരെ വിലക്കുറവും. ആളുകൾ കേരള ചിക്കൻ തേടിയെത്തുകയാണ‌്.
കഴിഞ്ഞ വെള്ളിയാഴ‌്ചമാത്രം ആയിരം കിലോ കോഴി വിറ്റു.' തിരൂർ പറവണ്ണ അരിക്കാഞ്ചിറയിൽ കേരള ചിക്കൻ വിൽപ്പനശാല നടത്തുന്ന ആസാദ‌് കളരിക്കൽ പറഞ്ഞു. കാര്യമായ പ്രചാരണം നൽകിയില്ലെങ്കിലും കേരള ചിക്കൻ സ‌്റ്റാളിൽ ആവശ്യക്കാരുടെ തിരക്കാണ‌്.
ശരാശരി 1000 കിലോയോളമാണ‌് പ്രതിദിന വിൽപ്പന. കിലോയ‌്ക്ക‌് 11 രൂപ കച്ചവടക്കാർക്ക‌് കമീഷനായി ലഭിക്കും. കമീഷൻ കണക്കാക്കിയാൽ മാത്രം 11,000 രൂപയോളം ദിവസ വരുമാനമായി. തൊഴിലാളികൾക്കുള്ള ശമ്പളം, മുറി വാടക, മറ്റു ചെലവുകൾ എന്നിവ കുറച്ചാലും കടയുടമക്ക‌് നല്ല ലാഭമാണ‌് ലഭിക്കുന്നത‌്.
കേരള ചിക്കൻ വിൽപ്പനശാലകളിൽ കോഴി കിലോക്ക‌് 87 രൂപയ്ക്കും ഇറച്ചി 140 രൂപയ്ക്കുമാണ‌് വിൽപ്പന. ജില്ലയിൽ തിരൂർ പറവണ്ണ, മക്കരപ്പറമ്പ‌്, ചട്ടിപ്പറമ്പ‌് ഭാഗങ്ങളിലാണ‌് നിലവിൽ വിൽപ്പനശാലകൾ പ്രവർത്തനം തുടങ്ങിയത‌്. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി നിലവിലെ കടയുടമകൾക്കും പുതിയ വ്യക്തികൾക്കും വിൽപ്പനശാല തുടങ്ങാം.
പദ്ധതി നോഡൽ ഏജൻസിയായ ബ്രഹ്മഗിരി ഡെവലപ്പ‌്മെന്റ‌് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കടകൾക്കാവശ്യമായ സാങ്കേതിക സഹായവും കോഴികളെയും എത്തിച്ചുനൽകും. ആദ്യ മൂന്നു ബിൽ തുകയാണ‌് അഡ്വാൻസായി നൽകേണ്ടത‌്. ഫ്രീസർ, കട്ടിങ് ബോർഡ‌്, കട്ടിങ‌് ഉപകരണങ്ങളെല്ലാം നോഡൽ ഏജൻസി അധികൃതർ എത്തിച്ചുനൽകും.
കടകളിലെ മാലിന്യവും ഇവർതന്നെ തിരിച്ചെടുത്ത‌് സംസ‌്കരണ ശാലയിലെത്തിക്കും. ഫാമുകൾ ആരംഭിക്കാനുദ്ദേശിക്കുന്ന കർഷകർക്കും കോഴിക്കുഞ്ഞ‌് ഒന്നിന‌് 130 രൂപ വീതം നൽകി ഷെയറെടുത്താൻ പദ്ധതിയുടെ ഭാഗമാകാം.









0 comments