യുവാവിനെ തട്ടിക്കൊണ്ടുപോയി പണംതട്ടിയ കേസിൽ ഒരാൾ അറസ‌്റ്റിൽ

കുറ്റിപ്പുറം
മാഫിയാ സംഘം പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി 3.76 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചെര്‍പ്പുളശേരി മാരായമംഗലം സ്വദേശി അന്‍സിഫി (24)നെയാണ് കുറ്റിപ്പുറം എസ്ഐ ബഷീര്‍ ചിറയ്ക്കലും സംഘവും അറസ്റ്റുചെയ്തത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
ആതവനാട് കാട്ടിലങ്ങാടി അത്തിക്കാട്ട് ഷിഹാബുദ്ദീ (32)നെയാണ് തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. കുഴല്‍പ്പണം തട്ടുന്ന ക്വട്ടേഷന്‍ സംഘമാണ് സംഭവത്തിനുപിന്നിലെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് കൃത്യം നടത്തിയതെന്ന സൂചനയും ലഭിച്ചു. പൊന്നാനി നഗരം ഹാജിയാരകത്ത് മനാഫി (30)നെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇക്കഴിഞ്ഞ ആറിന് വൈകിട്ട് നാലോടെയാണ് സംഭവം. ടൈല്‍സ് എടുക്കാനുള്ള പണവുമായി ബൈക്കില്‍ കുറ്റിപ്പുറത്തെത്തിയ ഷിഹാബുദ്ദീനോട് നേരത്തെ പരിചയമുണ്ടായിരുന്ന അന്‍സിഫ് തെക്കേ അങ്ങാടിയിലെ മല്ലൂര്‍ക്കടവില്‍ എത്തിച്ചുതരാന്‍ ആവശ്യപ്പെട്ടു. അന്‍സിഫിനെയും ബൈക്കില്‍ കയറ്റി ഷിഹാബുദ്ദീന്‍ പോകുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞ‌് കത്തികാട്ടി ഭീഷണിപ്പെടുത്തി ഷിഹാബുദ്ദീനെ കാറില്‍ കയറ്റിക്കൊണ്ടുപോയി. കെല്‍ട്രോണിനടുത്ത് കാര്‍ നിര്‍ത്തിയശേഷം പണം കൈക്കലാക്കി സംഘം രക്ഷപ്പെട്ടു. പൊന്നാനിയിലെ ടൂറിസ്റ്റ് ഹോമില്‍നിന്നാണ് അന്‍സിഫിനെ പിടികൂടിയത്. ഒന്നാം പ്രതിയായ മനാഫാണ് കവര്‍ച്ച ആസൂത്രണംചെയ്ത് നടപ്പാക്കിയത്. കുഴല്‍പ്പണമാകാനുള്ള സാധ്യതയില്ലെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും പണം നഷ്ടമായ യുവാവും പിടിയിലായ പ്രതിയും തമ്മില്‍ മുന്‍പരിചയമുണ്ടെന്നത് ദുരൂഹതയ്ക്കിടയാക്കുന്നുണ്ട്.









0 comments