നവോത്ഥാനത്തെ എതിർക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിൽ: മന്ത്രി കെ ടി ജലീൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2018, 07:36 PM | 0 min read

 

കൊണ്ടോട്ടി
നവോത്ഥാന മുന്നേറ്റങ്ങളെ എതിർക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന‌് മന്ത്രി കെ ടി ജലീൽ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ശാസ്ത്ര ബോധത്തെയും സാമൂഹിക ഉന്നമനത്തെയും എല്ലാ കാലത്തും മത പൗരോഹിത്യം ചോദ്യംചെയ്തിട്ടുണ്ട‌്. സാമൂഹ്യ പരിഷ്‌കർത്താക്കളുടെ നിരന്തര ഇടപെടലാണ് ലോകത്ത് ദുരാചാരങ്ങൾ ഇല്ലായ്മചെയ്തത്. അന്ധവിശ്വാസങ്ങൾ എല്ലാകാലത്തും പ്രചരിപ്പിച്ചിട്ടുള്ളത‌് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണ്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് കേരളത്തിലെ സംഭവങ്ങൾ തെളിയിക്കുന്നത്. 
പുരോഗമനത്തെ എതിർക്കുന്നവരെ പിന്തുണക്കുന്ന നിലപാട് എടുത്തവർക്ക് ചരിത്രത്തിൽ സ്ഥാനമുണ്ടാവില്ല. സാമൂഹിക പരിഷ്‌കരണത്തിന് പിന്തുണ നൽകുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത‌്. പരിഷ്‌കർത്താവായ മുഖ്യമന്ത്രി എന്ന നിലയിലാവും  പിണറായി വിജയൻ അറിയപ്പെടുകയെന്നും കെ ടി ജലീൽ പറഞ്ഞു.  
കേരളത്തിന്റെ നവോത്ഥാന ചരിത്രം അടയാളപ്പെടുത്തുന്ന ചിത്രപ്രദർശനവും മന്ത്രി ഉദ്ഘാടനംചെയ്തു. എഡിഎം വി രാമചന്ദ്രൻ അധ്യക്ഷനായി. ‘നവോത്ഥാന പോരാട്ട സ്മരണ' വിഷയത്തിൽ മാപ്പിളകലാ അക്കാദമി ചെയർമാൻ ടി കെ ഹംസ പ്രഭാഷണം നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായ ടി ആദിൽ,  അനീസ് ഫയാസ് എന്നിവർക്ക‌് മന്ത്രി  ഉപഹാരം നൽകി. മാപ്പിളകലാ അക്കാദമിയുടെ വാർത്താ പത്രിക മന്ത്രി കെ ടി ജലീൽ അക്കാദമി ചെയർമാൻ ടി കെ ഹംസക്ക് നൽകി പ്രകാശനംചെയ‌്തു.  ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി അയ്യപ്പൻ, നഗരസഭാ കൗൺസിലർ പി അബ്ദുറഹ്മാൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ പ്രമോദ് ദാസ്, വിമുക്തി കോര്‍ഡിനേറ്റർ ബി ഹരികുമാർ, പുരാരേഖാ വകുപ്പ് ജില്ലാ കോർഡിനേറ്റർ കെ പി സുപിൻ, വൈദ്യർ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട‌് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home