നവോത്ഥാന നാൾവഴികൾ വെളിപ്പെടുത്തി ചരിത്ര ചിത്രപ്രദർശനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2018, 07:25 PM | 0 min read

 

കൊണ്ടോട്ടി
കേരളീയ നവോത്ഥാനത്തിന്റെ നാൾവഴികൾ വിളിച്ചോതുന്ന  ചരിത്ര ചിത്രപ്രദർശനത്തിന് കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ തുടക്കമായി. 
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇൻഫർമേഷൻ പബ്ലിക‌് റിലേഷൻസ് വകുപ്പ് ജില്ലാഭരണകൂടത്തിന്റെയും പുരാരേഖാ വകുപ്പ്, മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിളകലാ അക്കാദമി, ജില്ലാ ലൈബ്രറി കൗൺസിൽ, വിമുക്തി മിഷൻ എന്നിവയുടെയും സഹകരണത്തോടെ പ്രദർശനം  സംഘടിപ്പിക്കുന്നത്. നമ്മുടെ നാട് എന്തായിരുന്നുവെന്നും എവിടെനിന്നാണ് ഇന്നത്തെ അവസ്ഥയിൽ എത്തിയതെന്നുമുള്ള അറിവ‌് പകരുന്നതാണ‌് പ്രദർശനം. 
പഴയകാലത്തെ ദുരാചാരങ്ങളായിരുന്ന പുലപ്പേടി, മണ്ണാപ്പേടി, അയിത്തം, തീണ്ടൽ തുടങ്ങിയവ പ്രദർശനത്തിലൂടെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നുണ്ട്. തിരുവിതാംകൂർ നാട്ടുരാജ്യത്ത് ഈഴവ സമുദായത്തിൽപ്പെട്ടവർ സ്വർണാഭരണങ്ങൾ ധരിക്കുക, മീശവയ്ക്കുക, പല്ലക്കിൽ സഞ്ചരിക്കുക മുതലായവക്ക് രാജാവിനോ നാടുവാഴിക്കോ കരം ഒടുക്കേണ്ടിയിരുന്നു. തലയറ, വലയറ തുടങ്ങിയ നികുതികൾ നിർത്തലാക്കിയ ഉത്തരവിന്റെ പകർപ്പ്, വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട‌് സവർണ നേതൃത്വവുമായി ചർച്ചയ്‌ക്കെത്തിയ ഗാന്ധിജിയെ അശുദ്ധിയാരോപിച്ച് മനയുടെ വരാന്തയിലിരുത്തിയ സംഭവം, വൈക്കം സത്യഗ്രഹികൾ താമസിച്ച വെല്ലൂർ മഠം, സത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിലിലായവർക്ക് ലഭിച്ച മംഗളപത്രത്തിന്റെ പകർപ്പ്, നായരുടെ കടയാണെറിയാതെ എത്തി സിംഗിൾ ചായ ചോദിച്ചതിന് പിഴ അടയ്ക്കേണ്ടിവന്ന സംഭവത്തെക്കുറിച്ച് 1925 ജനുവരി ഒന്നിലെ പത്ര വാർത്ത, തിരുവിതാംകൂർ, മലബാർ, കൊച്ചി ക്ഷേത്രപ്രവേശന വിളംബരങ്ങളുടെ പകർപ്പുകൾ തുടങ്ങി കേരളീയ നവോത്ഥാന ചരിത്രവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും സംഭവങ്ങളും ഉത്തരവുകളും പ്രദർശനത്തിലൂടെ മനസ്സിലാക്കാനാവും. പ്രദർശനം തിങ്കളാഴ്ച സമാപിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home