നവകേരളം വാഴക്കാട് ഗവ. ആശുപത്രിക്ക് വിപിഎസ് ഹെല്‍ത്ത് കെയറിന്റെ കെട്ടിടം

വാഴക്കാട്
ഗവ. ആശുപത്രിക്ക് നാലുകോടി ചെലവിൽ വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് സിഎസ്ആർ സ്‌കീമിൽ ഉൾപ്പെടുത്തി കെട്ടിടം നിർമിച്ചുനൽകും. ആശുപത്രിയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം നിലവിലെ ആശുപത്രി കെട്ടിടവും സ്ഥലവും സന്ദർശിച്ചു.
സംസ്ഥാനത്ത് മൂന്ന‌് ഘട്ടങ്ങളിലായി 12 ആശുപത്രികളിലാണ് വിപിഎസ് ഹെൽത്ത് കെയർ പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ വാഴക്കാട‌് ഗവ. ആശുപത്രിയെയും തെരഞ്ഞെടുത്തു. പിഎച്ച്സിയായിരുന്ന ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിരുന്നു. ആഗസ‌്തിൽ രണ്ടുതവണയായി വെള്ളംകയറി കെട്ടിടത്തിന് ബലക്ഷയമുണ്ടായി. മണ്ണ് പരിശോധന, കോണ്ടൂർ സർവേ തുടങ്ങിയവ ഈ ആഴ്ച പൂർത്തിയാക്കും. പഴയ കെട്ടിടങ്ങൾ പൂർണമായി പൊളിച്ചുനീക്കും. ഏപ്രിലിൽ പുതിയ കെട്ടിടം പ്രവർത്തനസജ്ജമാകും.
പ്രീ ഫാബ്രിക്കേറ്റഡ് ടെക്‌നോളജി ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലാണ് ആശുപത്രിയും പരിസരവും ഒരുക്കുക. ഗ്രൗണ്ട് ഫ്ലോറിൽ പാർക്കിങ‌് സൗകര്യവും ഒന്നാംനിലയിൽ ഒപി, ഫാർമസി, ഒബ്‌സർവേഷൻ, കൺസൽട്ടിങ് റൂം, ലബോറട്ടറി, പരിശോധനാ മുറി എന്നിവയും രണ്ടാം നിലയിൽ അഡ്മിനിസ‌്ട്രേഷൻ ബ്ലോക്കും ഒരുക്കും.
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോസ്പിറ്റൽ ശൃംഖലയായ വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് പ്രളയബാധിത കേരളത്തിന്റെ പുനർനിർമാണത്തിനായി നൽകുന്ന സഹായത്തിന്റെ ആദ്യ ഗഡുവായി 12 കോടി രൂപയുടെ 70 ടണ്ണോളം മരുന്നുകളും അവശ്യസാധനങ്ങളും നൽകിയിരുന്നു. നിപാ വൈറസ് ബാധയുടെ സമയത്ത് 30 ലക്ഷം രൂപയുടെ സുരക്ഷാവസ്തുക്കളും എത്തിച്ചുനൽകി. ഡോ. ഷംസീർ വയലിലാണ് വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ചെയർമാൻ.









0 comments