കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

പെരിന്തൽമണ്ണ
ആനമങ്ങാട് ഹൈസ്‌കൂൾ പടിയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ ഓട്ടോയിലെത്തി മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ‌് ചെയ്തു. ആനമങ്ങാട് സ്വദേശികളായ ഹൈസ്‌കൂൾപടി വാരിയത്തൊടി സുരേഷ് (40), കൃഷ്ണപ്പടി കല്ലൻകാടൻ അബ്ദുൾ കരീം (41), പാലോളിപ്പറമ്പ് ഈങ്ങച്ചാലിൽ സൈതലവി (42) എന്നിവരെയാണ് എസ്ഐ മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവർ പാലക്കാട് പുതുനഗരം കരിപ്പോൾ തോട്ടമേട് നാരായണനെ (44)യാണ് ഓട്ടോറിക്ഷയിൽ ബസ് തട്ടിയെന്നും സൈഡ് കൊടുത്തില്ലെന്നും ആരോപിച്ച‌് പ്രതികൾ മർദിച്ചത്. സംഭവം നടക്കുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മറ്റ് യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സം സൃഷ്ടിച്ചതിനുമടക്കമാണ‌് ഇവർക്കെതിരെ കേസെടുത്തത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. സീനിയർ സിപിഒ ജോസഫ്, സിപിഒ വിപിൻ ചന്ദ്രൻ തുടങ്ങിയവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.









0 comments