ഓൺലൈൻ തട്ടിപ്പ‌്: മൂന്നുപേർ അറസ‌്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2018, 07:09 PM | 0 min read

 
പെരിന്തൽമണ്ണ
ഓൺലൈൻ ബാങ്ക് തട്ടിപ്പുസംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശികളായ പട്ടാണി സക്കീർ ഹുസൈൻ (30), അത്തിക്കാട്ടിൽ മുഹമ്മദ് തസ്ലീം (28), മണ്ണാർമല അയിലക്കര അബ്ദുൽ ബാരിസ് (27) എന്നിവരാണ് പിടിയിലായത്. ഓൺലൈൻ വഴി ബാങ്ക‌്  ഇടപാടുകാരുടെ വിവരം ശേഖരിച്ച് അവരെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ട് പ്രമുഖ കമ്പനികളുടെ ലക്ഷക്കണക്കിന് രൂപ സമ്മാനമുള്ള ഓൺലൈൻ ലക്കി ബംബർ അടിച്ചിട്ടുണ്ടെന്ന‌് വിശ്വസിപ്പിക്കും. അതിന്റെ  ജിഎസ്ടി, ടാക്സ് എന്നിവക്കായി 25,000 മുതൽ   50,000  രൂപവരെ അടക്കാനാവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്.  പ്രതികളിൽനിന്ന‌് പല പേരിലുള്ള 60﹣ഓളം പ്രമുഖ ബാങ്കുകളുടെ എടിഎം കാർഡുകളും മൂന്ന് ലക്ഷം രൂപയും പിടികൂടി.
മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന‌് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെരിന്തൽമണ്ണ ഡിവൈഎസ‌്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ തന്ത്രപരമായ അന്വേഷണം. അന്വേഷക സംഘം എടിഎം കൗണ്ടറുകളുടെ സമീപത്തും പരിസരങ്ങളിലും മഫ്ത്തിയിൽ നിരീക്ഷണം നടത്തി. പ്രതികളുടെ വാഹന രജിസ്ട്രേഷൻ നമ്പറുൾപ്പെടെയുള്ള വിവരം ശേഖരിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ഇവർ വലയിലായത്. പ്രമുഖ കമ്പനികളുടെ ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളുടെ വ്യാജരേഖകൾ നിർമിച്ച് അതിന്റെ ഫോട്ടോയടക്കം ആളുകൾക്ക് അയച്ചുകൊടുത്താണ് കെണിയിൽ വീഴ്ത്തുന്നത്. തുടർന്ന് ഏജന്റുമാർ മുഖേന സംസ്ഥാനത്തെ പല ഭാ​ഗങ്ങളിലെ പ്രമുഖ ബാങ്കുകളിലായി അക്കൗണ്ട് തുടങ്ങും. എടിഎം കാർഡ്, അക്കൗണ്ട‌്  നമ്പർ എന്നിവ പ്രതികൾ നേരത്തെ കൊടുത്തതനുസരിച്ച് ഇടപാടുകാർക്ക് അയച്ചുകൊടുക്കും. അക്കൗണ്ടിൽ പണം നിക്ഷേപിച്ച ഉടനെ  എടിഎം കൗണ്ടറിനടുത്തുതന്നെ പല ഭാ​ഗത്തായി നിലയുറപ്പിച്ചിരിക്കുന്ന സംഘത്തിലുള്ളവരെ വിവരമറിയിക്കും. ഉടനത്  പിൻവലിക്കലാണ‌് ഇവരുടെ രീതി.
ഇവരുടെ ഓതറൈസ്ഡ് ഓഫീസ് ബം​ഗളൂരുവിലാണെന്നും അറിയുന്നു. പെരിന്തൽമണ്ണയിലെ മൂന്നം​ഗ സംഘത്തെ പിടികൂടിയതോടെ ഓൺലൈൺ തട്ടിപ്പിന്റെ പുതിയ മുഖം വെളിച്ചത്തുകൊണ്ടുവരാൻ അന്വേഷക സംഘത്തിനായി. ഇതുവരെ ഓൺലൈൻ തട്ടിപ്പുവഴി ലഭിക്കുന്ന പണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളി‍ൽ തന്നെയുള്ള ഏതെങ്കിലും വ്യാജ അക്കൗണ്ടുകൾ വഴി പർച്ചേസിനാണ് ഉപയോ​ഗിച്ചിരുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ആളുകളെവച്ച് ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങി എടിഎം കാർഡും പാസ്ബുക്കും കൈക്കലാക്കി തട്ടിപ്പുസംഘത്തിന് കൈമാറുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ കൈയിൽനിന്ന‌് ലഭിച്ച എടിഎം  കാർഡുകളുപയോ​ഗിച്ച് നടത്തിയ മുഴുവൻ ഇടപാടും പരിശോധിക്കുമെന്ന്  ഡിവൈഎസ‌്പി എം പി മോഹനചന്ദ്രൻ പറഞ്ഞു. പെരിന്തൽമണ്ണ എസ്ഐ മ‍ഞ്ജിത് ലാൽ, ടൗൺ ഷാഡോ പൊലീസ് ടീമിലെ എഎസ്ഐ സി പി മുരളീധരൻ, എൻ ടി കൃഷ്ണകുമാർ, എ മനേജ്കുമാർ, പി അനീഷ്, ദിനേഷ്, ജയമണി, ഷാജി എന്നിവർക്കാണ് തുടരന്വേഷണച്ചുമതല.


deshabhimani section

Related News

View More
0 comments
Sort by

Home