എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ തിരികെ എത്തിക്കാന്‍ ശ്രമിക്കും: ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

സ്വന്തം ലേഖകൻ
മലപ്പുറം
ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ അതിഥി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ് യാത്രക്കുള്ള ഭീമമായ ചെലവ് കുറയ്ക്കാൻ സാധ്യമായ വഴികളെല്ലാം പരിഗണിച്ച് സാധാരണക്കാരനുകൂടി തീർഥാടനത്തിന് അവസരമുണ്ടാക്കണം. കേന്ദ്ര സർക്കാർ നൽകുന്ന ഹജ്ജ് ക്വാട്ട തൃപ്തികരമല്ല.
അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് ക്വാട്ട അനുവദിക്കണം. അറുപതിനായിരത്തോളം പേരാണ് ഇത്തവണ അപേക്ഷിച്ചത്. ഇതനുസരിച്ച് ക്വാട്ട പുനർനിർണയിക്കണമെന്നും ഇക്കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കരിപ്പൂരിലെ ഹജ്ജ് ഹൗസ് വർഷംമുഴുവൻ ഉപയോഗിക്കുന്നതിന് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ പരിശീലനത്തിന് നൽകും.
ഇതിനുള്ള പദ്ധതി തയ്യാറാക്കിവരികയാണ്. ഈ വർഷം സർക്കാരിനുകീഴിൽ യാത്ര പുറപ്പെട്ട ഹജ്ജ് തീർഥാടകരുടെ മടക്കം 12ന് ആരംഭിക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ രാവിലെ ആറിന് ആദ്യസംഘത്തെ മന്ത്രി കെ ടി ജലീലിന്റെയും ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സ്വീകരിക്കും.
കമ്മിറ്റിയിൽ വനിതയെ ഉൾപ്പെടുത്താനുള്ള തീരുമാനം ഹജ്ജ് ആക്ട് പ്രകാരമാണെന്നാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വിശ്വാസത്തിനും അതിന്റെ വ്യവസ്ഥാപിത രീതികളുമായി ചേർന്നുനിൽക്കുന്ന കാര്യങ്ങൾ നിയമപ്രകാരം സർക്കാർ നിർദേശിച്ചാൽ അംഗീകരിക്കുന്നതാണ് മതനിരപേക്ഷ സമൂഹത്തിന് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.









0 comments