മലബാർ സംസ്ഥാനം ലീഗിന്റെ ആവശ്യത്തോടുള്ള കോൺഗ്രസ‌് നിലപാടെന്ത‌്: കോടിയേരി

വണ്ടൂർ
കേരളം വിഭജിച്ച് മലബാർ സംസ്ഥാനം രൂപീകരിക്കണമെന്ന മുസ്ലിംലീഗിന്റെ ആവശ്യത്തോട് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്ന ആർഎസ്എസ് നയത്തെ പിന്തുണയ‌്ക്കുന്നതാണ് ലീഗിന്റെ കേരള വിഭജന വാദം. പ്രാദേശിക വികാരമുയർത്തുന്ന അപകടകരമായ നീക്കമാണിത്. യൂത്ത‌് ലീഗിനെക്കൊണ്ടാണ് ലീഗ് ആവശ്യം ഉന്നയിപ്പിച്ചത‌്. കോൺഗ്രസും യുഡിഎഫും ഈ ആവശ്യം അംഗീകരിക്കുന്നുവോ എന്ന് വ്യക്തമാക്കണം﹣ വണ്ടൂരിൽ ‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്ത് കോടിയേരി പറഞ്ഞു.
ചെറിയ സംസ്ഥാനങ്ങളുണ്ടാക്കി ദുർബലമാക്കുക എന്നത് ആർഎസ്എസ് സമീപനമാണ്. ബിജെപി കേന്ദ്രം ഭരിക്കുന്ന ഘട്ടത്തിൽ ഇത്തരമൊരാവശ്യമുയർത്തുന്നത് അവരുടെ അജൻഡക്ക് ബലമേകുന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ആർഎസ്എസ് പയറ്റിയ തന്ത്രവുമാണിത്. ലീഗിന്റെ മുദ്രാവാക്യത്തിന് സമാനമായി തിരുകൊച്ചി, തിരുവിതാംകൂർ സംസ്ഥാന വാദവുമുയരും. ഐക്യകേരളത്തിനായി പ്രവർത്തിച്ച നേതാക്കളോടടക്കം കാട്ടുന്ന ക്രൂരതയുമാണ് ലീഗിന്റെ ആവശ്യം. ഭാഷാ സംസ്ഥാനങ്ങളെ തകർക്കുന്ന നിലപാട് സിപിഐ എം അംഗീകരിക്കില്ല. ലീഗ് ഈ തെറ്റായ നിലപാട് തിരുത്തണം.
ലീഗിന്റെ നിലപാടിനെതിരെ പ്രതികരിക്കാൻ കോൺഗ്രസിനാകില്ല. കാരണം, കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കാൻ പാണക്കാട് തങ്ങളുടെ അനുമതിക്കായി കാത്തുനിൽക്കുന്ന ഗതികെട്ട അവസ്ഥയിലാണ് കോൺഗ്രസ്. യുഡിഎഫിനെ ലീഗ് ഹൈജാക്ക് ചെയ്തിരിക്കയാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ പല എതിർപ്പും പറഞ്ഞു. എന്നാൽ, ലീഗ് തീരുമാനമാണ് നടപ്പായത്. രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ ലീഗാപ്പീസിൽ കാത്തുനിൽക്കയാണ് കോൺഗ്രസ്.
മുഖം നഷ്ടപ്പെട്ടവരാണ് കോൺഗ്രസ് നേതാക്കാൾ. അടുത്ത ലോക‌്സഭാ തെരഞ്ഞെടുപ്പിലൂടെ കേരളത്തെ അംഗീകരിക്കുന്ന കേന്ദ്ര ഭരണം കൊണ്ടുവരാനാകണം. ഇടതുപക്ഷ നിലപാടിനാൽ ബിജെപി അധികാരത്തിൽ തിരിച്ചുവരുന്ന സാഹചര്യമുണ്ടാകില്ല. ഇതാണ് സിപിഐ എം നിലപാടെന്നും കോടിയേരി വ്യക്തമാക്കി.









0 comments