ഇതാ ബോസ്‌നിയൻ 
മേപ്പിളിന്റെ സംഗീതം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 01:18 AM | 0 min read

വേങ്ങര 
ശ്രുതിമധുരമായ സംഗീതം വായിക്കാൻ ഒരു വയലിൻ. അതും ബോസ്‌നിയൻ മേപ്പിളിന്റെ കാതലിൽ തീർത്തത്‌. കണ്ടറിഞ്ഞ കൗതുകത്തിനൊടുവിൽ ആതിര നിർമിച്ചെടുത്ത വയലിൻ സംഗീതസാന്ദ്രമാണ്‌. വേങ്ങര കണ്ണമംഗലം പഞ്ചായത്തിലെ വാളക്കുട  കൊളത്തൂപ്പറമ്പിൽ ആതിര രഞ്ജിത്താണ് ബോസ്‌നിയൻ മേപ്പിൾ മരം ഉപയോഗിച്ച്‌ വയലിൻ നിർമിച്ചത്‌. ഒരുവർഷത്തെ പ്രയത്നത്തിനൊടുവിലാണ്‌ പരിശീലനമൊന്നുമില്ലാതെ വയലിൻ പൂർത്തിയാക്കിയത്‌.  കാലിഫോർണിയ സ്വദേശി ജെയിംസ് വിമ്മറിന്റെ ശിഷ്യനായ ഭർത്താവ്‌  രഞ്ജിത്തിനെ പിന്തുടർന്നാണ് ആതിര വയലിൻ നിർമാണത്തിലേക്ക്‌ എത്തുന്നത്‌. 
നേരത്തെ രഞ്ജിത്തിൽനിന്ന്‌ വയലിൻ റിപ്പയറിങ് പഠിച്ചിട്ടുണ്ടെങ്കിലും  നിർമാണം ആദ്യമായിരുന്നു. സംശയങ്ങൾതീർക്കാൻ ഭർത്താവ്‌ രഞ്ജിത്തും സഹായിച്ചു. 1702ൽ  അന്റോണിയോസ്  സ്ടാഡി വാറിയസ് നിർമിച്ച വയലിന്റെ  മാതൃക പിന്തുടർന്നാണ്‌ നിർമാണം. ഒരുമാസംമുമ്പ് വാർണീഷിട്ട വയലിന് നവംബർ അവസാനത്തിലാണ്‌ തന്ത്രികൾ സ്ഥാപിച്ചത്‌. ആതിര വയലിൻ നിർമിക്കുന്നതറിഞ്ഞ് ജെയിംസ്‌ വിമ്മർ ഉൾപ്പെടെയുള്ള പ്രശസ്തരും പ്രോത്സാഹനം നൽകി. 
  പൂർത്തിയാക്കിയ വയലിന്റെ പരീക്ഷണവാദനം ചെന്നെെയിൽവച്ച്‌  ഇന്ത്യൻ വയലിൻ ദ്വയങ്ങളായ പത്മശ്രീ ലാൽഗുഡി ജി ജെ ആർ കൃഷ്ണൻ, സഹോദരി ലാൽഗുഡി വിജയലക്ഷ്മി എന്നിവർ ചേർന്നാണ് നടത്തിയത്. ഇതുവരെ സംഗീതം പഠിക്കാത്ത ആതിര വയലിനിൽ ശാസ്‌ത്രീയ പഠനവും ആരംഭിച്ചു. ശ്രീലങ്കൻ സ്വദേശിനി ശക്തി ദർശിനിയാണ്‌ ഗുരു.
 


deshabhimani section

Related News

View More
0 comments
Sort by

Home