അലിഗഡ് ഓഫ്‌ ക്യാമ്പസിൽ 
പുതിയ കോഴ്സുകൾ ആരംഭിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 02:15 AM | 0 min read

പെരിന്തൽമണ്ണ
അലിഗഡ് മുസ്ലിം സർവകലാശാല മലപ്പുറം ഓഫ് ക്യാമ്പസിന് സ്ഥിരം കെട്ടിടങ്ങൾ നിർമിച്ച് പുതിയ കോഴ്സുകൾ ആരംഭിക്കണമെന്ന് സിപിഐ എം പെരിന്തൽമണ്ണ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. വി എസ് അച്യുതാനന്ദൻ നേതൃത്വംനൽകിയ എൽഡിഎഫ്‌ സർക്കാരിന്റെ ഇഛാശക്തിയുടെ ഫലമായാണ് പെരിന്തൽമണ്ണയിൽ 372 ഏക്കർ  സംസ്ഥാന സർക്കാർ ഏറ്റെടുത്ത് ക്യാമ്പസ് നിർമിക്കാൻ  കൈമാറിയത്. യുഡിഎഫിന്റെയും പ്രത്യേകിച്ച്‌ ലീഗിന്റെയും എതിർപ്പ്‌ അവഗണിച്ചാണ്‌  വി ശശികുമാർ എംഎൽഎയായ സമയത്ത് പെരിന്തൽമണ്ണ ചേലാമലയിൽ അലിഗഡ് ക്യാമ്പസ് നിലവിൽ വന്നത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ അവഗണനയും പിന്നീട് വന്ന എംഎൽഎമാരുടെ അശ്രദ്ധയും കാരണം ക്യാമ്പസ് പുരോഗതിപ്രാപിച്ചില്ല. ഈ അവസ്ഥയ്‌ക്ക്‌ മാറ്റമുണ്ടാകണം. 
നിലമ്പൂർ–-കോട്ടയം സൂപ്പർ ഫാസ്റ്റ് ട്രെയിനിന് ചെറുകരയിൽ സ്റ്റോപ്പ് അനുവദിക്കുക, ചെറുകരയിലും മേലാറ്റൂരിലും റെയിൽ  മേൽപ്പാലം നിർമിക്കുക, പെരിന്തൽമണ്ണ കോടതിപ്പടിയോട് ചേർന്ന സ്ഥലത്ത് പാർക്ക് നിർമിക്കുക, പെരിന്തൽമണ്ണ താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ പുതിയ മിനി സിവിൽ സ്റ്റേഷൻ പണിയുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ആനമങ്ങാട് സീതാറാം യെച്ചൂരി നഗറിൽ (കസർ താജ് കൺവൻഷൻ സെന്റർ) സമ്മേളനത്തിന്റെ രണ്ടാംദിനമായ ഞായറാഴ്‌ച  എം കെ ശ്രീധരൻ, എം പി മോഹനൻ, പി ശീതൾ, പി അജിത്‌ കുമാർ, എം പി രാജേഷ്‌ എന്നിവർ പ്രമേയങ്ങളും കെ പി അനീഷ്‌ ക്രഡൻഷ്യൽ കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. പൊതുചർച്ചക്ക് ഏരിയാ സെക്രട്ടറി ഇ രാജേഷും ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസും മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പി ശ്രീരാമകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ശശികുമാർ, വി രമേശൻ, പി കെ അബ്ദുള്ള നവാസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി ദിവാകരൻ, കെ ശ്യാംപ്രസാദ്‌ എന്നിവർ സംസാരിച്ചു. 
പൊതുസമ്മേളനത്തിന്റെ ഭാഗമായി എടത്തറയിൽനിന്ന്‌ ആരംഭിച്ച റെഡ് വളന്റിയർ മാർച്ചും റാലിയും ആനമങ്ങാട് കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (എയുപി സ്‌കൂൾ)  സമാപിച്ചു. തുടർന്ന്‌ നടന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി ഇ രജേഷ്‌ അധ്യക്ഷനായി.  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ശശികുമാർ, വി രമേശൻ എന്നിവർ സംസാരിച്ചു. യു അജയൻ സ്വാഗതവും കെ പ്രേമകുമാർ നന്ദിയും പറഞ്ഞു. തുടർന്ന്‌ ഗാനമേള അരങ്ങേറി.


deshabhimani section

Related News

View More
0 comments
Sort by

Home