ഒറ്റ കാവ്യത്താൽ 
‘മഹാകവി’യായ പ്രതിഭ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 02:17 AM | 0 min read

മഞ്ചേരി
പഴശ്ശിരാജയുടെ ചരിത്രം അടയാളപ്പെടുത്തിയ വീരകേരളം  എന്ന ഒറ്റ കാവ്യംകൊണ്ട് സാഹിത്യ ചരിത്രത്തിൽ ഇടംനേടിയ പ്രതിഭയാണ്‌ കൈതയ്ക്കൽ ജാതവേദൻ നമ്പൂതിരി. മഹാകാവ്യ ലക്ഷണങ്ങൾ പൂർണമായും ഒത്തിണങ്ങിയ ‘വീരകേരളം’ വലിയ പ്രശംസപിടിച്ചുപറ്റി. 
മഹാകാവ്യ രചന അവസാനിച്ചെന്ന്‌ കരുതിയ കാലത്താണ്‌ ജാതവേദന്റെ കൃതി ജനിക്കുന്നത്‌. പി ജി നായരുടെ ‘നളോദയം', കിളിമാനൂർ രമാകാന്തന്റെ ‘ഗുരുപഥം' എന്നീ കൃതികളോടെ അന്യംനിന്നുപോയെന്ന് കരുതിയ മഹാകാവ്യശാഖയെ 2012ൽ പുറത്തിറങ്ങിയ ‘വീരകേരളം' വീണ്ടെടുത്തു. അതോടെ ജാതവേദൻ 21–-ാം നൂറ്റാണ്ടിലെ ലക്ഷണമൊത്ത മഹാകവിയുമായി. കേരള ചരിത്രം പറയുന്ന വീരകേരളം മഹാകാവ്യരചനയിൽ പാലിക്കേണ്ട നിയമങ്ങളെല്ലാം കൃത്യവും സൂക്ഷ്മമായി പാലിച്ചും വ്യത്യസ്ത വൃത്തങ്ങളിലുമാണ് രചിച്ചത്. കവിയും സംസ്ഥാന ചീഫ് സെക്രട്ടറിയുമായിരുന്ന ആർ രാമചന്ദ്രൻ നായരുടേതായിരുന്നു അവതാരിക. വലിയ കോയിത്തമ്പുരാന്റെ സംസ്കൃതകാവ്യമായ വിശാഖ വിജയത്തിന്റെയും ഉള്ളൂരിന്റെ "ഉമാകേരള'ത്തിന്റെയും ശ്രേണിയിൽപ്പെടുത്താവുന്ന കാവ്യരത്നമാണ് വീരകേരളം എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. 
സംസ്കൃതം പഠിച്ചിട്ടില്ലെങ്കിലും വ്യാഖ്യാനങ്ങളുടെ സഹായത്തോടെയാണ് ഭർതൃഹരിയുടെ ശതകത്രയവും മേൽപ്പത്തൂരിന്റെ ശ്രീപാദസപ്തതിയും വൃത്താനുവൃത്തമായി ജാതവേദൻ പരിഭാഷപ്പെടുത്തിയത്. ഋഗ്വേദ പരീക്ഷയിൽ വിജയിച്ച വേദപണ്ഡിതനായിരുന്നു. ബാല്യകാലംമുതലേ ശ്ലോകപഠനത്തിൽ തൽപ്പരനായ ജാതവേദൻ എഴുപതുകളുടെ ആദ്യത്തിൽ അക്ഷരശ്ലോകരംഗത്തും ശ്ലോകരചനാരംഗത്തും പ്രവേശിച്ചു. മാസികയിലൂടെ ശൈവാഷ്ടപ്രാസം, ഗുപ്തോപഗുപ്തി, ബരസോയ് എന്ന ഖണ്ഡകാവ്യങ്ങളും ഒട്ടേറെ മുക്തകങ്ങളും  രചിച്ചിട്ടുണ്ട്. ഓൺലൈൻ ശ്ലോകവേദിയായ ഓർക്കൂട്ടിലെ സൗപർണികം പിന്നീട് വാട്സാപ്പ് ​ഗ്രൂപ്പുകളിലും സ്ഥിരമായി അവതരിപ്പിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home