വെളിച്ചം കെടില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 01:15 AM | 0 min read

മലപ്പുറം
ജില്ലയിലെ വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ 410 കോടി രൂപയുടെ പ്രത്യേക പാക്കേജുമായി കെഎസ്ഇബി. കഴിഞ്ഞ വർഷങ്ങളിൽ വൈദ്യുതി ഉപയോഗം കുത്തനെ കൂടിയതിനാലാണ് വിതരണ സംവിധാനം ശക്തിപ്പെടുത്താൻ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്.
ജില്ലയിലെ മൂന്ന് സർക്കിളുകൾക്കുകീഴിലും വൈദ്യുതി വിതരണശേഷി വർധിപ്പിക്കും. തിരൂർ, മഞ്ചേരി, നിലമ്പൂർ സർക്കിളുകളാണ് ജില്ലയിലുള്ളത്. തിരൂരിൽ 257.52 കോടി രൂപയുടെയും മഞ്ചേരിയിൽ 113.23 കോടി രൂപയുടെയും നിലമ്പൂരിൽ 40.18 കോടി രൂപയുടെയും പ്രവൃത്തി നടക്കും. 
നിലവിലുള്ള ട്രാൻസ്‌ഫോർമറിന്റെ ശേഷി വർധിപ്പിക്കും. 100 കെവിഎ ട്രാൻസ്ഫോർമറുകൾ 160 കെവിഎയിലേക്ക് ഉയർത്തും. ഇതോടെ കൂടുതൽ ലോഡ് കൈമാറാനാകും. അധികവൈദ്യുതി ഉപയോഗംകൊണ്ടുള്ള ഓവർലോഡിങ് പ്രതിസന്ധി ഇതിലൂടെ പരിഹരിക്കാം. വോൾട്ടേജ് കുറഞ്ഞ സ്ഥലങ്ങളിൽ പുതിയ ട്രാൻഫോർമറുകൾ സ്ഥാപിക്കും. ​ഉൾനാടുകളിലെ വോൾട്ടേജ് ക്ഷാമത്തിന് ഇതോടെ ശാശ്വത പരിഹാരമാകും. സബ്സ്റ്റേഷനുകളിൽനിന്ന് പുതിയ ഫീഡർ ലൈനുകളും വലിക്കും. നിലവിലുള്ള വൈദ്യുതി വിതരണ ലൈനുകളുടെ ശേഷി വർധിപ്പിക്കാനും തുക വിനിയോഗിക്കും.  
തിരൂര്‍ സര്‍ക്കിളിലാണ് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ധ്യുതി പദ്ധതിയിലും കേന്ദ്രാവിഷ്‌കൃത ആര്‍ഡിഎസ്എസ് പദ്ധതിയിലും ഇവിടെ സമാന്തര പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. അതിനാല്‍ പ്രത്യേക പാക്കേജില്‍ ഈ സാമ്പത്തികവര്‍ഷം 56 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മുന്‍​ഗണന നല്‍കി ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി വര്‍ധിപ്പിക്കലാണ് ആദ്യം. ലോടെന്‍ഷന്‍ (എല്‍ടി) ലൈനുകള്‍ എബി (ഏരിയല്‍ ബെഞ്ച്ഡ്) കേബിളാക്കി മാറ്റാനും പദ്ധതിയുണ്ട്. 
തിരൂര്‍ സര്‍ക്കിളില്‍ പുതിയ കണക്ഷനുകള്‍ നല്‍കണമെന്ന് റെഗുലേറ്ററി കമീഷന്റെ അന്ത്യശാസനമുണ്ടായിരുന്നു. നിര്‍മാണം അന്തിമഘട്ടത്തിലായ കുന്നുമ്പുറം, ഊരകം ഇന്‍കെല്‍, വെങ്ങാലൂര്‍ സബ്സ്റ്റേഷനുകള്‍  പൂര്‍ത്തിയാകുന്നതോടെ ഇവിടെ പുതിയ കണക്ഷന്‍ നല്‍കാനാകും. പാക്കേജ് പ്രകാരമുള്ള പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചാൽ ടെന്‍ഡറിലേക്ക് കടക്കും.


deshabhimani section

Related News

View More
0 comments
Sort by

Home