മുസ്ലിംലീ​ഗ് നേതാക്കൾക്കെതിരെ കേസെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 01:04 AM | 0 min read

മഞ്ചേരി
പൊതുമരാമത്ത് വകുപ്പ്‌ ഓഫീസിലേക്ക് അതിക്രമിച്ചുകയറി ഉദ്യോഗസ്ഥരെ അപമാനിച്ച മുസ്ലിംലീ​ഗ് നേതാക്കൾക്കെതിരെ കേസെടുത്തു. പൊതുമരാമത്ത് റോഡ് വിഭാ​ഗം എക്സിക്യൂട്ടീവ് എൻജിനിയർ സി എച്ച് അബ്ദുൾ ​ഗഫൂർ നൽകിയ പരാതിയിലാണ് മഞ്ചേരി പൊലീസ് കേസെടുത്തത്. പതിനഞ്ചിലധികം ലീ​ഗ് പ്രവർത്തകരാണ് ഓഫീസിൽ അതിക്രമിച്ചുകയറിയത്. ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾസഹിതമാണ് പരാതി നൽകിയത്. ഓഫീസിൽ അതിക്രമിച്ചുകയറി ബഹളമുണ്ടാക്കിയതിനും ജോലി തടസ്സപ്പെടുത്തിയതിനും ഓഫീസ് സ്തംഭിപ്പിച്ചതിനുമാണ് കേസ്‌. ബുധൻ രാവിലെയാണ് കേസിനാസ്പദമായ സംഭവം.  റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വിവിരങ്ങൾ അറിയാൻ എന്നുപറഞ്ഞാണ്‌  യു എ ലത്തീഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം ഓഫീസിൽ എത്തിയത്. ചർച്ച ചെയ്യാനാണെന്ന വ്യാജേന സംഘടിച്ചെത്തിയ ലീ​ഗുകാർ രാവിലെ പത്തരയോടെ  ഓഫീസിൽ അതിക്രമിച്ചുകയറി എൻജിനിയറെ ബന്ദിയാക്കി. ജീവനക്കാർക്കടക്കം ഓഫീസിൽ കയറാൻ പറ്റാത്ത തരത്തിൽ വാതിലുകൾ പൂട്ടിയിട്ടു. വൈദ്യുതിബന്ധം വിഛേദിക്കുകയും ചെയ്തു.  മേശപ്പുറത്തുള്ള ഫയലുകൾ എടുത്തെറിഞ്ഞു.  ആരെയും അകത്തേക്ക് കടത്തിവിട്ടില്ല. ഓഫീസിൽ അക്രമം നടത്തി ജീവനക്കാരെ അപമാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. 
ഭീഷണിപ്പെടുത്തുന്നതും ഫയലുകൾ  എടുത്ത് എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. എംഎൽഎ ശാന്തരാകാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രവർത്തകർ ചെവിക്കൊണ്ടില്ല.
റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തേണ്ട ചുമതല റോഡ് പരിപാല വിഭാ​ഗം ഓഫീസിനാണ്. ഇതുമറച്ചുവച്ചാണ്  സംഘം ബഹളംവച്ചത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് പൊതുജനത്തെ തെറ്റിധരിപ്പിച്ച് രാഷ്ട്രീയ ലക്ഷ്യം നേടാനായിരുന്നു. രാവിലെമുതൽ  പകൽ 12.30വരെ ഓഫീസറെ ബന്ദിയാക്കി പ്രതിഷേധിച്ചെങ്കിലും പരാതി നൽകാൻ ഓഫീസ് മേധാവി കൂട്ടാക്കാത്തത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കി. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടതോടെയാണ് എൻജിനിയർ  പരാതി നൽകിയത്.

 



deshabhimani section

Related News

View More
0 comments
Sort by

Home