വെള്ളംനിറച്ച ഗ്യാസ്‌ സിലിണ്ടറുകൾ വ്യാപകമെന്ന്‌ വിവരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 02:06 AM | 0 min read

തേഞ്ഞിപ്പലം
വെള്ളംനിറച്ച പാചകഗ്യാസ് സിലിണ്ടറുകൾ വിപണിയിൽ വ്യാപകമായി എത്തിയെന്ന്‌ വിവരം. കോഴിക്കോട്ടെ ശങ്കർ ഗ്യാസ് ഏജൻസിക്ക് 70ഓളം വെള്ളംനിറച്ച സിലിണ്ടറുകൾ ലഭിച്ച വിവരം നേരത്തെ പുറത്തുവന്നിരുന്നു. കുറ്റിപ്പുറത്തെ വസുധ ഗ്യാസ് ഏജൻസിക്ക് 200ഓളവും കോഴിക്കോട്ടെ അരുൺ ഗ്യാസ് ഏജൻസിക്ക്‌ 70ഓളവും വെള്ളംനിറച്ച സിലിണ്ടറുകൾ കിട്ടി. രണ്ടുമാസത്തിനിടെയാണ് ഇവ ലഭിച്ചത്‌. 
സിലിണ്ടറുകൾ ഏജൻസികളുടെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏജൻസിയുടെ നഷ്‌ടം ഡ്രൈവർമാരിൽനിന്ന്‌ ഈടാക്കാതിരിക്കാൻ നോട്ടീസ്‌ നൽകിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ടാങ്ക് ലോറി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ചേളാരി മേഖലാ കമ്മിറ്റി സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കലക്‌ടർക്കും ഐഒസി ചീഫ് വിജിലൻസ് ഓഫീസർക്കും പരാതി നൽകിയിരുന്നു.
ചേളാരി ഐഒസി പ്ലാന്റ്‌ കേന്ദ്രീകരിച്ച് ചിലർ ഇത്തരം പ്രവൃത്തിചെയ്യുന്നതായി വിവരം ലഭിച്ചിരുന്നെന്ന്‌ യൂണിയൻ ഭാരവാഹികൾ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ല. പരാതി പ്ലാന്റ്‌ മാനേജ്‌മെന്റിനും കലക്‌ടർക്കും നൽകിയിരുന്നു. അന്നുതന്നെ പ്ലാന്റ്‌ അസി. മാനേജരോട് എസ്‌പിക്ക് പരാതി നൽകാൻ ആവശ്യപ്പെട്ടു. അടിയന്തര നടപടികൾ ഇല്ലാത്തതിനാലാണ് ചീഫ് വിജിലൻസ് ഓഫീസർക്കും യൂണിയൻ പരാതി നൽകിയത്. 
ചില വിതരണക്കാരും ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയവുമുണ്ട്‌. രണ്ടാഴ്‌ചമുമ്പ്‌ ഒരു തൊഴിലാളി സിലിണ്ടറിന്റെ സീലുകളുമായ് പുറത്തുവരുന്നത് ഐഒസിയിൽനിന്ന് കൈയോടെ പിടികൂടിയിരുന്നു. എന്നാൽ, വേണ്ട അന്വേഷണം നടത്താതെ പത്തുദിവസത്തിനുശേഷം ഇയാളെ ജോലിക്ക് കയറാൻ അനുവദിച്ചെന്ന്‌ ആക്ഷേപമുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Home