തിരൂർ ത്രില്ലർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 12:41 AM | 0 min read

തേഞ്ഞിപ്പലം

കുതിച്ചുപാഞ്ഞും വീറോടെ പൊരുതിയും യുവതാരങ്ങൾ മൂന്നുദിനം മൈതാനം വാണു. സെക്കൻഡുകളും മില്ലി സെക്കൻഡുകളും മെഡലുകൾ മാറ്റിമറിച്ചു. പോയിന്റ്‌ പട്ടിക ഹൃദയമിടിപ്പിന്‌ വേഗംകൂട്ടി. കലിക്കറ്റ്‌ സർവകലാശാലാ സിന്തറ്റിക്‌ ട്രാക്കിൽ ജില്ലാ സ്‌കൂൾ കായികോത്സവത്തിന്‌ അവസാന വിസിൽ മുഴങ്ങുമ്പോൾ തിരൂർ ആഹ്ലാദത്തേരേറി.
തിരുന്നാവായ നാവാമുകുന്ദ എച്ച്എസ്എസിന്റെയും ആലത്തിയൂർ കെഎച്ച്എംഎച്ച്എസിന്റെയും ചിറകേറി 15 വർഷത്തിനിപ്പുറം തിരൂർ സബ്‌ ജില്ല കായിക കിരീടം ചൂടി. 41 സ്വർണവും 26 വെള്ളിയും 22 വെങ്കലവും വിജയയാത്രയിൽ നക്ഷത്രംകണക്കെ തിളങ്ങി. 344 പോയിന്റുമായാണ്‌ തിരൂരിന്റെ ജയം. 
വിട്ടുകൊടുക്കാൻ മനസ്സില്ലാതെ പൊരുതിയ എടപ്പാൾ ഉപജില്ല രണ്ടാംസ്ഥാനം നേടി. കടകശേരി ഐഡിയൽ ഇഎച്ച്എസ്എസിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു കരുത്ത്‌. 33 സ്വർണവും 35 വെള്ളിയും 21 വെങ്കലവുമടക്കം 304 പോയിന്റ്‌. 
അഞ്ച് സ്വർണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമായി 68 പോയിന്റോടെ കിഴിശേരി മൂന്നാമതും ഏഴ് സ്വർണവും അഞ്ച് വെള്ളിയും 13 വെങ്കലവുമടക്കം 66.5 പോയിന്റുമായി അരീക്കോട് ഉപജില്ല നാലാമതുമെത്തി.
സ്‌കൂളുകളിൽ ഐഡിയലാണ് ഒന്നാമത്‌. 29 സ്വർണവും 32 വെള്ളിയും 17 വെങ്കലവുമടക്കം 258 പോയിന്റാണ്‌ ഐഡിയലിന്റെ താരങ്ങൾ വാരിക്കൂട്ടിയത്‌. 23 സ്വർണവും 18 വെള്ളിയും 11 വെങ്കലവുമായി 180 പോയിന്റോടെ തിരുന്നാവായ നാവാമുകുന്ദ എച്ച്എസ്എസ് രണ്ടും 11 സ്വർണവും ഏഴ് വെള്ളിയും ഒമ്പത് വെങ്കലവുമുള്ള ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസ് മൂന്നും (85 പോയിന്റ്‌) സ്ഥാനംനേടി. 25 മീറ്റ് റെക്കോഡുകൾ ഇത്തവണ പിറന്നു. 
വിജയികൾക്ക് കലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ ട്രോഫി നൽകി. ഇനി നവംബർ നാലുമുതൽ എറണാകുളത്ത്‌ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയ്‌ക്കുള്ള കാത്തിരിപ്പ്‌.


deshabhimani section

Related News

View More
0 comments
Sort by

Home