ഊരുചുറ്റി, ഭാഷ പഠിച്ചു; 
ഇനി അക്ഷരമുറ്റത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 12:34 AM | 0 min read

വേങ്ങര
എട്ടാം ക്ലാസിൽ പഠനം നിർത്തി ഊരുചുറ്റാനിറങ്ങിയതാണ്‌ പറപ്പൂർ സിസി മാട് സ്വദേശി കുണ്ടിൽ ഭാസ്കരൻ. പത്തോളം സംസ്ഥാനങ്ങളിൽ കറങ്ങി. ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യംചെയ്യും.  കന്നടയും തമിഴും എഴുതാനും വായിക്കാനുമറിയാം. ഉറുദു, തെലുങ്ക്, പഞ്ചാബി  ഭാഷകൾ സംസാരിക്കും. എന്നിട്ടും അറിവിനോടുള്ള ഇഷ്ടം അടങ്ങുന്നില്ല. 53 വർഷങ്ങൾക്കിപ്പുറം എഴുപതാം വയസിൽ  അറിവിന്റെ പുതിയ പടവുകൾ താണ്ടുകയാണ്‌ ഈ വയോധികൻ. വേങ്ങര ടൗൺ മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സാക്ഷരതാ മിഷൻ പത്താംതരം തുല്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്‌. 
1971–-ലാണ്‌ ഭാസ്കരൻ ഊരുചുറ്റാനിറങ്ങിയത്.  ജമ്മു- കശ്മീർ, ഉത്തരാഖണ്ഡ്‌, യുപി, പഞ്ചാബ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ സന്ദർശിച്ചു. 15 വർഷംമുമ്പാണ്‌ നാട്ടിൽ തിരിച്ചെത്തിയത്‌. വസന്തയാണ്‌ ഭാര്യ. മകൾ അഖില പാറ്റ്നയിൽ അധ്യാപികയാണ്. രണ്ടാമത്തെ മകൾ ശില്പി കോഴിക്കോട് ഐടി മേഖലയിലും ജോലിചെയ്യുന്നു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ക്ലാസെടുക്കാൻ പോകുന്ന ഭാസ്കരന് അംഗീകാരത്തിനായി സർട്ടിഫിക്കറ്റ് വേണം. അതിനുവേണ്ടിയാണ് വീണ്ടും  വിദ്യാർഥിയായി മാറിയത്.
വേങ്ങര ബ്ലോക്കിന് കീഴിലെ വിവിധ പഞ്ചായത്തുകളിൽനിന്നായി 24 പുരുഷൻമാരും 66 വനിതകളുമടക്കം 90 പേർ പരീക്ഷ എഴുതി. ഭിന്നശേഷിക്കാരൻ ആട്ടിരി സ്വദേശി മുഹമ്മദ് സിനാൻ (18)ആണ് പ്രായംകുറഞ്ഞ പഠിതാവ്‌. ദമ്പതികളായ സതീശനും ഭാനുമതിയും പരീക്ഷ എഴുതി.


deshabhimani section

Related News

View More
0 comments
Sort by

Home