ചീർപ്പിങ്ങൽ സയൻസ് പാർക്ക്‌ 
ഉടൻ യാഥാർഥ്യമാക്കും: മന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 03:24 AM | 0 min read

പരപ്പനങ്ങാടി
പാലത്തിങ്ങലിലെ ചീർപ്പിങ്ങൽ സയൻസ് പാർക്ക്‌ ഉടൻ യാഥാർഥ്യമാക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. നിർമാണ പ്രവൃത്തി തുടങ്ങുന്നതിന്‌ മുന്നോടിയായി ചീർപ്പിങ്ങൽ വാനനിരീക്ഷണ കേന്ദ്രം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രത്തിന്റെ തുടർപ്രവൃത്തികൾ ഉടൻ ആരംഭിക്കും. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പാര്‍ക്ക് തുറന്നുനല്‍കും. വകയിരുത്തിയ ഫണ്ടില്‍ ശേഷിക്കുന്ന ഒരുകോടിയിലധികം വരുന്ന തുകകൊണ്ട് സുരക്ഷാ മതില്‍, ഗാലറി എന്നിവ സ്ഥാപിക്കും. വൈദ്യുതി കണക്ഷനും ഉടന്‍ ലഭിക്കും. ജലനിധിമാര്‍ഗം വെള്ളം ലഭ്യമാക്കിയിട്ടുണ്ട്. പ്രദേശത്ത് എത്തിച്ചേരാൻ വീതികുറഞ്ഞ നിലവിലെ ന്യൂകട്ട് പാലം പൊളിച്ചുമാറ്റി പുതിയത് നിർമിക്കാൻ അനുമതിയായിട്ടുണ്ട്. അപ്രോച്ച് റോഡിനുവേണ്ടി അനുവദിക്കേണ്ട സ്ഥലവും മന്ത്രി സന്ദർശിച്ചു. 
പദ്ധതിയുടെ കെട്ടിടനിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. ഇനി നക്ഷത്ര ബംഗ്ളാവ് അടക്കമുള്ളവയുടെ മെഷിനറികൾ സ്ഥാപിക്കണം. വാട്ടർ ഫൗണ്ടൻ, ബട്ടർഫ്ലൈ പാർക്ക്, പൂന്തോട്ടങ്ങൾ, ചുറ്റുമതിൽ, മുറ്റത്ത് ടൈൽ വിരിക്കൽ, ഗാർഡ് റൂം, കോൺഫറൻസ് ഹാൾ എന്നിവയുടെ നിർമാണം പൂർത്തീകരിക്കാനുണ്ട്. ബാക്കി പ്രവൃത്തികൾക്കായി ആറുകോടി രൂപ ബജറ്റിൽ ലഭ്യമാക്കും. നിലവില്‍ പാര്‍ക്ക് അനാഥമായിക്കിടക്കുന്നതിനാല്‍ സുരക്ഷക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാൻ ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗം തീരുമാനിച്ചു. 
കെ പി എ മജീദ് എംഎൽഎ, മുൻ മന്ത്രി പി കെ അബ്ദുറബ്ബ്, നഗരസഭാധ്യക്ഷൻ പി പി ഷാഹുൽ ഹമീദ്, സിപിഐ എം ഏരിയാ സെക്രട്ടറി തയ്യിൽ അലവി, നഗരസഭാ കൗൺസിലർ ടി കാർത്തികേയൻ, ടി കെ നാസർ, പദ്ധതി ഡയറക്ടർ കെ സോജു, അഡി. ഡയറക്ടർ പി സുന്ദർലാൽ, അസി. കെ നൗഷാദ് അലി, പിഡബ്ല്യുഡി പാലങ്ങൾ വിഭാഗം എ എക്സി കെ വിനോദ്, ഓവർസിയർ കെ ശ്രീജ, ഹാബിറ്റാറ്റ് പ്രോജക്ട് എന്‍ജിനിയർ പി ഹുമയൂൺ കബീർ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായി.
 


deshabhimani section

Related News

View More
0 comments
Sort by

Home