ക്ഷേമപെൻഷൻ മുടക്കി യുഡിഎഫ് ബാങ്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2024, 11:26 PM | 0 min read

എടക്കര
ഓണക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ക്ഷേമപെൻഷൻ വിതരണംചെയ്യാതെ വഴിക്കടവിലെ യുഡിഎഫ് ബാങ്ക്. കുടിശ്ശികയടക്കം അയ്യായിരത്തിലധികം പേർക്കുള്ള തുകയ്‌ക്കാണ് ബാങ്ക് ആപ് വച്ചത്. 13ന് എല്ലാ സഹകരണ ബാങ്കുകളും ട്രഷറിയിൽനിന്ന് തുക കൈപ്പറ്റിയപ്പോൾ വഴിക്കടവ് ബാങ്ക് മാത്രം കൈപ്പറ്റിയില്ല. പ്രദേശിക യുഡിഎഫ് നേതാക്കളാണ് പെൻഷൻ കൈമാറുന്നത്. 23 വാർഡുകളുള്ള വഴിക്കടവ് പഞ്ചായത്തിൽ ആറായിരത്തിലധികം പേര്‍ക്കാണ് പെൻഷനുള്ളത്. ഇതിൽ ആയിരത്തോളം പേര്‍ക്ക് നേരിട്ട് മറ്റ് ബാങ്ക് അക്കൗണ്ടിൽ ഓണത്തിനുമുമ്പ് 3200 രൂപ ലഭിച്ചു. ഒരു പെൻഷൻ നൽകാൻ ബാങ്കിന് 30 രൂപയാണ് സർക്കാർ കമീഷൻ നൽകുന്നത്. അയ്യായിരം പേരുടെ കമീഷനായി ഒന്നരലക്ഷം രൂപ വഴിക്കടവ് ബാങ്ക് ജീവനക്കാർക്ക് ലഭിക്കും. ഇവരുടെ അനാസ്ഥകാരണം ഓണവും നബിദിനവും പലര്‍ക്കും നിരാശയായി. ബുധനാഴ്ച ട്രഷറിയിൽനിന്ന് തുക കൈപ്പറ്റിയേ തൊട്ടടുത്ത ദിവസം പെൻഷൻ നൽകാനാകൂ. കഴിഞ്ഞ വർഷം വിഷുവിനും ഈ നിലപാടാണ് ബാങ്ക് സ്വീകരിച്ചത്. വഴിക്കടവ് വനത്തിനുള്ളിലെ പുഞ്ചക്കൊല്ലി, അളക്കൽ ആദിവാസി നഗറിലെ കുടുംബങ്ങൾക്കുപോലും വിഷുവിനും ഓണത്തിനും പെൻഷൻ ലഭിച്ചില്ല. സർക്കാർവിരുദ്ധ വികാരം സൃഷ്ടിക്കുകയാണ് യുഡിഎഫ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും ആരോപണമുണ്ട്. വഴിക്കടവ് ബാങ്കിൽനിന്ന് പെൻഷൻ വിതരണം മറ്റു സംവിധാനത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്.


deshabhimani section

Related News

View More
0 comments
Sort by

Home