ആലിപ്പറമ്പിൽ പ്രസിഡന്റിനെതിരായ അവിശ്വാസം പരിഗണിക്കാനായില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 01:00 AM | 0 min read

പെരിന്തൽമണ്ണ
ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി അഫ്സലിനെതിരെ മുസ്ലിംലീഗിലെ ഔദ്യോഗിക വിഭാഗം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരിഗണിക്കാനായില്ല. ക്വാറം തികയാത്തതിനാൽ പ്രമേയം ചർച്ചചെയ്യാൻ വിളിച്ച പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്നില്ല. യോഗത്തിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ ലീഗിലെ ആറ്‌ അംഗങ്ങളും ഒരു കോൺഗ്രസ്‌ അംഗവുംമാത്രമാണ് പങ്കെടുത്തത്. പ്രസിഡന്റ്‌ അടക്കം മുസ്ലിംലീഗിലെ ഏഴ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തില്ല. സിപിഐ എം അംഗങ്ങളായ ഏഴുപേരും വിട്ടുനിന്നു. 
21 അംഗ ഭരണസമിതിയിൽ 11 അംഗ ക്വാറം തികയാത്തതിനാൽ പ്രമേയം ചർച്ചചെയ്യാനാവില്ലെന്നും അവിശ്വാസം നിലനിൽക്കില്ലെന്നും റിട്ടേണിങ് ഓഫീസറായ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ പാർവതി വ്യക്തമാക്കി. പ്രമേയം പരിഗണിക്കാനാവാത്തതിനാൽ കെ ടി അഫ്സൽ പ്രസിഡന്റ്‌ പദവിയിൽ തുടരും. പ്രസിഡന്റ്‌ കെ ടി അഫ്സൽ അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ച് മുസ്ലിംലീഗ്‌ പ്രാഥമിക അംഗത്വത്തിൽനിന്ന് രണ്ട് മാസംമുമ്പ് സംസ്ഥാന കമ്മിറ്റി പുറത്താക്കിയതാണ്. 
പ്രസിഡന്റ്‌ പദവി നിശ്ചിത കാലത്തിനുശേഷം പങ്കുവയ്ക്കണമെന്ന ലീഗ് ജില്ലാ കമ്മിറ്റിയുടെ നിർദേശം പാലിക്കാത്തതിനാണ് നടപടിയെന്നാണ്‌ ഔദ്യോഗിക നേതൃത്വം പറയുന്നത്‌. 21 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ 13 മുസ്ലിംലീഗ് അംഗങ്ങളും ഒരു കോണ്‍ഗ്രസ് അംഗവും ഏഴ് സിപിഐ എം അംഗങ്ങളുമാണുള്ളത്. പഞ്ചായത്തിൽ ആദ്യം ഒരുവർഷം സി ടി നൗഷാദ് അലിയായിരുന്നു പ്രസിഡന്റ്‌. 
നേരത്തെയുള്ള ധാരണ പ്രകാരം പിന്നീട് കെ ടി അഫ്സലിനെ പ്രസിഡന്റാക്കി. അഫ്സലിനെ 2022 ഏപ്രിൽ 20മുതൽ 2024 ഏപ്രിൽ 30വരെയാണ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് നിശ്ചയിച്ചത് എന്നാണ് ഔദ്യോഗിക പക്ഷം പറയുന്നത്. എന്നാൽ അത്തരത്തിൽ ധാരണ ഇല്ലെന്നും രാജിവയ്ക്കില്ലെന്നുമാണ്‌ അഫ്സലിന്റെ വാദം.


deshabhimani section

Related News

View More
0 comments
Sort by

Home