കനത്ത കാറ്റ്‌; വ്യാപക നാശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 01:30 AM | 0 min read

മലപ്പുറം
കനത്ത കാറ്റിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി മരങ്ങൾ കടപുഴകി വീണു.  വീടുകൾക്കും കേടുപാട്‌ സംഭവിച്ചു. ബുധനാഴ്‌ച പകൽ പതിനൊന്നോടെയാണ്‌ മലപ്പുറം ഭാഗത്ത്‌ കാറ്റ്‌ ആഞ്ഞുവീശിയത്‌. കിഴക്കേത്തല–-വേങ്ങര റോഡിൽ ഓർക്കിഡ് ആശുപത്രിക്ക് സമീപം മരം വീണതുകാരണം ഗതാഗതം ഭാഗികമായി തടസ്സപെട്ടു. മലപ്പുറം അഗ്നിരക്ഷാനിലയത്തിലെ സേനയെത്തി മരം മുറിച്ചുമാറ്റിയാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌. മലപ്പുറം കാവുങ്ങൽ ബൈപാസ് റോഡിലേക്ക്‌ വീണ മരവും കലക്ടറേറ്റ് കോമ്പൗണ്ടിൽ പൊട്ടിവീണ മരവും അഗ്നിശമന സേനയെത്തി മുറിച്ചുമാറ്റി. മലപ്പുറം എംഎസ്‌പി എൽപി സ്കൂൾ മുറ്റത്തെ വലിയ മരം കാറ്റിൽ ചെരിഞ്ഞ്‌ അപകടാവസ്ഥയിലായി. അഗ്നിരക്ഷാസേന കൊമ്പ്‌ മുറിച്ചുമാറ്റി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം എച്ച് മുഹമ്മദ്‌ അലിയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തിന്‌ നേതൃത്വം നൽകി. 
പെരിന്തൽമണ്ണ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും  വൻ നാശനഷ്ടമുണ്ടായി. ഷൊർണൂർ–-നിലമ്പൂർ റെയിൽവേ ലൈനിൽ മരം വീണ്‌ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. 
റോഡിലേക്കും മറ്റും പൊട്ടിവീണ് വഴി തടസ്സപ്പെടുത്തിയ മരം നിമിഷനേരംകൊണ്ടുതന്നെ സന്നദ്ധ സംഘടനകളും പെരിന്തൽമണ്ണ–-മങ്കട എന്നിവിടങ്ങളിലെ ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തി നീക്കി. 
അങ്ങാടിപ്പുറം പരിയാപുരം തട്ടാരക്കാട് പുതുപ്പറമ്പിൽ ത്രേസ്യാമ്മയുടെ വീടിന് മുകളിലേക്ക്‌  കൂറ്റൻ തേക്കുമരം വീണു. വീടിന്റെ പുറകുവശത്തുള്ള തെങ്ങും പ്ലാവും കവുങ്ങുമടക്കം നിരവധി മരങ്ങൾ കാറ്റിൽ നിലംപൊത്തി. തൊട്ടടുത്തുള്ള കുരിശുമൂട്ടിൽ ജെറീഷിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന പ്ലാവ് പൊട്ടിവീണ് വീടിന്റെ മുൻവശം തകർന്നു.
 എരവിമംഗലം പാലക്കപറമ്പിൽ സുബ്രഹ്മണ്യന്റെയും സഹോദരൻ വാസുദേവന്റെയും വീടിനുമുകളിൽ മരം വീണു. വീട്ടുകാർ വീടിനുള്ളിൽ ഇരിക്കുന്ന സമയത്താണ് മരം വീണത്. ഇരുവീടുകൾക്കും ഭാഗികമായി നാശം സംഭവിച്ചു. തലനാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായത്. 
കണ്ണമംഗലം പഞ്ചായത്തിലെ വേങ്ങര കുന്നുംപുറം റോഡിൽ ജസീറ ഓഡിറ്റോറിയത്തിന് മുൻവശം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. സ്വകാര്യവ്യക്തിയുടെ പറമ്പിലെ തേക്കാണ് റോഡിലേക്ക് മറിഞ്ഞുവീണത്. ജില്ലാ ട്രോമോ കെയർ വേങ്ങര യൂണിറ്റ് പ്രവർത്തകർ എത്തിയാണ് മരം മുറിച്ചുമാറ്റിയത്‌. കണ്ണമംഗലം തീണ്ടെക്കാട്ടെ വീടിന്‌ മുകളിലേക്കും മരം വീണു. എടക്കപറമ്പ്,  വാളക്കുട എന്നിവിടങ്ങളിലും മരം മുറിഞ്ഞുവീണു.  
കോഴിക്കോട്–-പാലക്കാട് ദേശീയപാതയിൽ മക്കരപ്പറമ്പ് 36 വളവിൽ മരം വീണ്  ഗതാഗതം തടസ്സപ്പെട്ടു. ട്രോമാ കെയർ പ്രവർത്തകർ മരം വെട്ടി  ഗതാഗതം പുനഃസ്ഥാപിച്ചു. മങ്കട കർക്കിടകം എൽപി സ്കൂൾ വളപ്പിലെ മരം റോഡിലേക്ക് മറിഞ്ഞു. പടപ്പറമ്പ് ചുള്ളിക്കോടില്‍ വന്‍ ചീനിമരം വീണു. ഏതാനും മണിക്കൂറുകൾ റോഡ് ഗതാഗതം തടസ്സപ്പെട്ടു.


deshabhimani section

Related News

View More
0 comments
Sort by

Home