മഴ, കാറ്റ്‌; വ്യാപക നാശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 23, 2024, 12:52 AM | 0 min read

മലപ്പുറം
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്‌ച പകൽ വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. മഴ കുറവായിരുന്നെങ്കിലും പലയിടത്തും ശക്തമായ കാറ്റാണ്‌ അടിച്ചത്‌. 
കോഴിക്കോട്–-പാലക്കാട് ദേശീയപാതയിൽ മൊറയൂർ പോത്തുവെട്ടിപ്പാറയിൽ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം താറുമാറായി. കൊണ്ടോട്ടി കാന്തക്കാട്, മേലങ്ങാടി ഭാഗങ്ങളിൽ മരം വീണ് അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. കരിപ്പൂർ വിമാനത്താവള റോഡിൽ കാർഗോയ്ക്ക് സമീപം മരം വീണ് രണ്ട് കാറുകൾ തകർന്നു. 
മലപ്പുറം കോട്ടക്കുന്നിനരികിലെ അണ്ണുണ്ണിപറമ്പിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായി. മൂന്ന് വീടുകൾക്കുമേൽ മരം വീണ് മേൽക്കൂര തകർന്നു. പട്ടിക്കാട് പള്ളിക്കുത്ത് ചിറക്കൽ പള്ളിയാലിൽ റഷീദിന്റെ വീടിന് മുകളിൽ തേക്ക് വീണ് കേടുപാടുകൾ പറ്റി. കൊണ്ടോട്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മരം വീണ് അധ്യാപികയുടെ കാർ തകർന്നു. 
മങ്കട സെന്റ്‌ മേരിസ് ചർച്ചിന് സമീപം റോഡിലേക്ക് തേക്ക്മരം കടപുഴകിവീണു.
വാണിയമ്പലം ഗവ. ഹൈസ്കൂളിന്റെ കവാടത്തിനുമുന്നിൽ നിർത്തിയിട്ട സ്കൂൾ ബസിനുമുകളിൽ റെയിൽവേ വളപ്പിലെ കൂറ്റൻ മരം കടപുഴകിവീണു. കീഴാറ്റൂർ ചെമ്മന്തട്ട ചൂരക്കുത്ത് മരക്കാറിന്റെ വീടിന്റെ മുകളിലേക്ക് തേക്ക് ഒടിഞ്ഞുവീണു. മണ്ണാർമല പീടികപ്പടി -പച്ചീരിപ്പാറ റോഡിൽ 11 കെവി വൈദ്യുതിലൈനിന് മുകളിൽ മരം വീണു. അലിങ്ങൾ, മണ്ണാർമല ഈസ്റ്റ് എന്നിവിടങ്ങളിലും മരം വീണു. 
തിരൂർ വെട്ടം അരിക്കാഞ്ചിറ, മുറിവഴിക്കൽ, ജനതാ ബസാർ റോഡുകളിൽ മരം കടപുഴകിവീണു. മുറിവഴിക്കൽ അങ്ങാടിയിൽ കടകൾക്കുമീതെ മരം വീണു. ജനതാ ബസാർ, ശാന്തി നഗർ, പറവണ്ണ, വള്ളിക്കാഞ്ഞിരം കല്ലിങ്ങൽ റോഡ്‌, അരിക്കാഞ്ചിറ കോവളം എന്നിവിടങ്ങളിലും മരം കടപുഴകി വീണ് നാശനഷ്ടമുണ്ടായി.
താനൂരിൽനിന്നും മത്സ്യബന്ധനത്തിനുപോയ വള്ളങ്ങളുടെ മേൽക്കൂര കാറ്റിൽ തകർന്നു. തിങ്കളാഴ്ച പകൽ ചാവക്കാട് എടക്കഴിയൂർ തീരത്താണ്‌ അപകടമുണ്ടായത്. 
ബുറാഖ് വള്ളത്തിലെ പുതിയ താങ്ങുവല മുറിച്ചുമാറ്റി. ആറുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അൽ ബുഹാരി താനൂർ, വാദി റഹ്മ കൂട്ടായി, യാസീൻ താനൂർ എന്നീ വള്ളങ്ങളുടെ മേൽക്കൂരയും തകർന്നു.


deshabhimani section

Related News

View More
0 comments
Sort by

Home