അർബുദരോഗിയുടെ വീട് ജപ്തിചെയ്തതായി പരാതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2024, 12:53 AM | 0 min read

മലപ്പുറം
വായ്പാ കുടിശ്ശിക അടയ്ക്കാത്തതിന് അർബുദരോഗിയുടെ വീട് ബാങ്ക് ഉദ്യോ​ഗസ്ഥർ അതിക്രമിച്ചുകയറി ജപ്തിചെയ്തതായി പരാതി. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ചെയർമാനായ നിലമ്പൂർ കോ ഓപറേറ്റീവ് അർബൻ ബാങ്കിനെതിരെയാണ് നിലമ്പൂർ മിനർവപ്പടി മുജാഹിദ് പള്ളിക്ക് സമീപം കൊച്ചുവീട്ടിൽ പ്രസാദ് ഫിലിപ്പ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. 
കുടിശ്ശിക തീർക്കാൻ സാവകാശം അനുവദിക്കണമെന്ന് അഭ്യർഥിച്ചുചെന്ന വേൾഡ് സോഷ്യൽ റൈറ്റ്സ് കൗൺസിൽ അം​ഗങ്ങളെ ആര്യാടൻ ഷൗക്കത്ത് അധിക്ഷേപിച്ചതായും വാർത്താസമ്മേളനത്തിൽ ഇവർ പറഞ്ഞു.
2015ലാണ് പ്രസാദ് ഫിലിപ്പ് ബാങ്കിൽനിന്ന് 30 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിന് വായ്പയെടുത്തത്. 2016ൽ ഇദ്ദേഹം അർബുദം ബാധിച്ച് ചികിത്സയിലായി. ശരീരം തളർന്ന് മൂന്ന് വർഷത്തോളം കിടപ്പിലായിരുന്നു. വായ്പയടയ്ക്കാൻ സാവകാശം നൽകണമെന്ന് ജൂൺ 15ന് കലക്ടർ നിർ​ദേശം നൽകിയിരുന്നെങ്കിലും ജൂലൈ രണ്ടിന് ബാങ്ക് ഉദ്യോ​ഗസ്ഥരെത്തി വീട് ജപ്തിചെയ്യുകയായിരുന്നു. പ്രസാദ് ഫിലിപ്പും കുടുംബവും വീട്ടിലില്ലാത്ത സമയം കമ്പിപ്പാര ഉപയോ​ഗിച്ച് ​ഗേറ്റിന്റെ പൂട്ട് പൊളിച്ചതായും പരാതിയിൽ പറയുന്നു. ഭാര്യയും പ്ലസ്ടുവിന് പഠിക്കുന്ന മകനുമൊപ്പം സമീപത്തെ വാടകവീട്ടിലാണ് ഇയാൾ ഇപ്പോൾ കഴിയുന്നത്. പരാതി പരിശോധിക്കാൻ സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. 
പരാതിക്കാരന് പരമാവധി സാവകാശം നല്‍കിയിരുന്നെന്നും ഇനിയും ഇളവുകള്‍ നല്‍കാന്‍ ബാങ്ക് തയ്യാറാണെന്നും നിലമ്പൂർ കോ ഓപറേറ്റീവ് അർബൻ ബാങ്ക്‌ ജനറല്‍ മാനേജര്‍ എ ആര്‍ വിമല്‍കുമാര്‍ പറഞ്ഞു.
 
 
‘ഗുരുതര രോ​ഗബാധിതരുടെ വായ്പകള്‍ 
എഴുതിത്തള്ളണം’ 
മലപ്പുറം
​ഗുരുതര രോ​ഗബാധിതരുടെ വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്ന് വേള്‍ഡ് സോഷ്യല്‍ റൈറ്റ്സ് കൗണ്‍സില്‍ (ഡബ്ല്യുഎസ്ആര്‍സി) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലമ്പൂര്‍ സ്വദേശിയും അർബുദ ബാധിതനുമായ പ്രസാദ് ഫിലിപ്പിന്റെ വീട് നിലമ്പൂര്‍ അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്ക് ജപ്തിചെയ്തത് മനുഷ്യത്വരഹിതമാണ്. ബാങ്കിലെ ഇടപാടുകളില്‍ സമഗ്രാന്വേഷണം നടത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രസാദ് ഫിലിപ്പ്, ഡബ്ല്യുഎസ്ആര്‍സി നാഷണല്‍ ചെയര്‍മാന്‍ ഇ എം ജോസഫ്, ജനറല്‍ സെക്രട്ടറി എ ജെ സണ്ണി, വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു സാബു, സംസ്ഥാന വൈസ് ചെയര്‍പേഴ്സണ്‍ ലാലി ജോയ്, ജില്ലാ പ്രസിഡന്റ് സുലൈമാന്‍ തിരൂര്‍ എന്നിവര്‍ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home