ജനകീയ ഡോക്ടർക്ക്‌ വിട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 02, 2023, 01:10 AM | 0 min read

തിരൂർ
ആരോഗ്യ സേവന മേഖലയിൽ ജനകീയനായ പൊന്നാനി പാലപ്പം വീട്ടില്‍ അഹമ്മദ് കുഞ്ഞിബാവ എന്ന ഡോ. പി വി എ കെ ബാവ (85) അന്തരിച്ചു.  മലപ്പുറം ജില്ലാ മുൻ മെഡിക്കൽ ഓഫീസറായ അദ്ദേഹം പൊന്നാനിയിലെ പ്രമുഖ മഖ്തൂം കുടുംബത്തിലെ അംഗമാണ്.  
കോട്ടയം മെഡിക്കല്‍ കോളേജ്, പാലക്കാട്, കണ്ണൂര്‍ ജില്ലാ ആശുപത്രികൾ, തലശേരി, പൊന്നാനി, വടകര, തിരൂര്‍ ഗവ. ആശുപത്രികൾ എന്നിവിടങ്ങളിൽ ജോലിചെയ്‌തു. 1993ല്‍ വിരമിച്ചു. തിരൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടായിരിക്കെ എസ്എസ്എം പോളിടെക്നിക്കിലെ എൻഎസ്എസ് വള​ന്റിയർമാരെ ഉപയോഗിച്ച്‌ ആശുപത്രിയിൽ നടത്തിയ പ്രവൃത്തി ശ്രദ്ധേയമായിരുന്നു. 1978ൽ തലശേരി താലൂക്ക് ആശുപത്രിയിലെ സേവനകാലത്ത്‌ പിണറായി വിജയൻ, എം വി രാഘവൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി നല്ല ബന്ധമായിരുന്നു. പിണറായി, കോടിയേരി എന്നിവരുമായുള്ള ബന്ധം പിന്നെയും തുടർന്നു. ഓഖി ദുരന്തകാലത്ത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് ഫണ്ട് കൈമാറിയിരുന്നു.
‘1970-–- 80 കാലത്ത്‌ ഡോ. ആലിക്കുട്ടി, ഡോ. സൈനുദ്ദീൻ മൂപ്പൻ, ഡോ. ബാവ ഉൾപ്പെടെയുള്ളവർ നാട്ടിൻപുറത്തെ സാധാരണക്കാർക്കിടയിലേക്ക്‌ ഒരു പെട്ടിയും തൂക്കി ഇറങ്ങിച്ചെന്ന് പരിശോധന നടത്തിയിരുന്നു’–- ആസ്റ്റർ മിംസ് ഡയറക്ടർ അഹമ്മദ് മൂപ്പൻ പറഞ്ഞു. കാരുണ്യരംഗത്തും പാലിയേറ്റീവ് രംഗത്തും അദ്ദേഹം  സജീവമായിരുന്നു. 
നഫീസയാണ്‌ ഭാര്യ. മക്കൾ: ഡോ. ഹസ്സന്‍ ബാബു, ഫാത്തിമ ബീവി. മരുമക്കൾ: ഡോ. മജീദ്, അസിജ (ചേളാരി). സഹോദരങ്ങൾ: പി വി ഷംസുദ്ദീൻ (റിട്ട. ഫിഷറീസ്‌ ഡയറക്ടർ), പ്രൊഫ. പി വി അബൂബക്കർ (ഫിസിക്കൽ ഡയറക്ടർ, എംഇഎസ് കോളേജ്‌), പി വി ഹസ്സൻ (റിട്ട. സയന്റിഫക്‌ ഓഫീസർ, ആരോഗ്യവകുപ്പ്),  പി വി ഹംസ, (റിട്ട. പ്രൊഫസർ, തിരൂരങ്ങാടി പിഎസ്എംഒ കോളേജ്), ഫാത്തിമ, സൈന, പരേതനായ അബ്ദുൾ ഖാദർ.
 


deshabhimani section

Related News

0 comments
Sort by

Home