‘കിത്താബ‌്’ ‘വാങ്കി’ന്റെ നാടകാവിഷ‌്കാരമല്ലെന്ന് മേമുണ്ട സ‌്കൂൾ അധികൃതർ

വടകര
ജില്ലാ സ‌്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാള നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ‘കിത്താബ് ' എന്ന നാടകം കഥാകൃത്ത് ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുടെ നാടകാവിഷ്കാരമല്ലെന്ന‌് വടകര മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ അറിയിച്ചു. കഥയിലെ വാങ്കു വിളിക്കുന്ന പെൺകുട്ടി എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കിത്താബ് എന്ന നാടകം രചിച്ചത്.
‘കിത്താബി'ന് ഉണ്ണി ആറിന്റെ കഥയുമായി വിദൂരബന്ധം മാത്രമാണുള്ളത്. നാടകത്തിലെ കഥാപാത്രങ്ങളും പശ്ചാത്തലവും പരിചരണവുമെല്ലാം വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ഈ നാടകം ഒരു സ്വതന്ത്രരചനയാണ്. കഥയുടെ പ്രമേയതലത്തെ നാടകരചനയിൽ ആശ്രയിക്കാത്തതുകൊണ്ടാണ് നാടകാവതരണത്തിനു മുമ്പ‌് കഥാകൃത്തിന്റെ അനുവാദം വാങ്ങാതിരുന്നത‌്. എന്നാൽ ഈ നാടകാവതരണം കഥാകൃത്തിന് പലതരത്തിൽ വിഷമം സൃഷ്ടിച്ച സാഹചര്യത്തിൽ ഉണ്ണി ആറിനോട‌് നിർവ്യാജമായ ഖേദം അറിയിക്കുന്നതായും സ‌്കൂൾ അധികൃതർ വാർത്താകുറിപ്പിൽ പറഞ്ഞു.









0 comments