നന്മയുടെ വെളിച്ചം വിതറി കളികഥവണ്ടി

കോഴിക്കോട‌്
പെൻഡോറപ്പെട്ടി തുറന്നപ്പോൾ പുറത്ത‌് ചാടിയത‌് അസൂയ, അത്യാഗ്രഹം, കോപം, പരദൂഷണം എന്നിവ. അത‌് പെൻഡോറയുടെ കുടുംബത്തിൽ മാത്രമല്ല നാട്ടിലും കലാപങ്ങൾ സൃഷ്ടിച്ചു. സമൂഹത്തെ ഗ്രസിച്ച ദുർഗുണങ്ങളെ തുറന്ന‌് കാണിക്കുകയാണ‌് പെൻഡോറപ്പെട്ടി എന്ന നാടകം. പൂക്കാട‌് കലാലയം ചിൽഡ്രൻ തിയേറ്റർ വെള്ളിയാഴ‌്ച ടാഗോർഹാളിൽ അവതരിപ്പിച്ച കളികഥവണ്ടി എന്ന പരിപാടിയിലാണ‌് പെൻഡോറപ്പെട്ടിയും മറ്റ‌് നാടകങ്ങളും അരങ്ങേറിയത‌്.
പണത്തിന‌് വേണ്ടി എന്തും ചെയ്യുന്ന തിന്മയുടെ ലോകത്തെയും കലാപവും പകയും നാടിനെ ചോരയിൽ മുക്കുന്നതും ഈ നാടകം തുറന്നു കാണിക്കുന്നു. ഒടുവിൽ പ്രത്യാശയുടെ രംഗപ്രവേശത്തോടെയാണ‌് നാടകം അവസാനിക്കുന്നത‌്. മറ്റൊരു നാടകത്തിൽ കുഞ്ഞാടുകളായ കുട്ടനെയും മുട്ടനെയും തമ്മിലടിപ്പിച്ച‌് ചോരയൂറ്റി കുടിക്കുന്ന കുറുക്കന്റെ കൗശലവും പുനരാവിഷ‌്ക്കരിക്കുമ്പോൾ അതും വർത്തമാനകാലത്തിന്റെ ആസുരതയിലേക്കാണ‌് വിരൽചൂണ്ടുന്നത‌്.
ലോകോത്തരങ്ങളായ പത്ത‌് കഥകളാണ‌് കളികഥവണ്ടിയിൽ അവതരിപ്പിക്കുന്നത‌്. തെന്നാലി രാമൻ, അത്ഭുതലോകത്തെ ആലീസ‌്, 1001 രാവുകൾ തുടങ്ങിയ കഥകളായിരുന്നു നാടകമായി അവതരിപ്പിച്ചത‌്. സാരോപദേശ കഥകളിലൂടെ കുട്ടികളിൽ നന്മയുടെ വെളിച്ചം വിതറുകയാണ‌് ലക്ഷ്യം. മനോജ‌്നാരായണനാണ‌് സംവിധായകൻ. എ അബൂബക്കർ രചന നിർവഹിച്ചു. ചിൽഡ്രൻസ‌് തിയേറ്ററിലെ കുട്ടികളാണ‌് അഭിനേതാക്കൾ. തുടർന്ന‌് കാവ്യകൈരളി എന്ന നാടകവും അരങ്ങേറി.
പരിപാടി കലക്ടർ യു വി ജോസ‌് ഉദ‌്ഘാടനം ചെയ‌്തു. പൂക്കാട‌് കലാലയം പ്രസിഡന്റ‌് ശിവദാസ‌് ചേമഞ്ചേരി അധ്യക്ഷനായി. പ്രളയകാലത്ത‌് മാതൃകാപരമായ പ്രവർത്തനം നടത്തിയ കലക്ടറെ ചടങ്ങിൽ ആദരിച്ചു. ശിവദാസ‌് ചേമഞ്ചേരി ഉപഹാരം നൽകി.
കെ ശ്രീകുമാർ സംസാരിച്ചു. വി കെ രാഘവൻ സ്വാഗതവും ഹരിദാസൻ നന്ദിയും പറഞ്ഞു.









0 comments