സാലറി ചലഞ്ച‌് 85 ശതമാനം

കോഴിക്കോട്
കേരളത്തെ പുനർനിർമിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന‌് ജില്ലയിലെ സർക്കാർ ജീവനക്കാരുടെ പൂർണ പിന്തുണ. മൊത്തമുള്ള ജീവനക്കാരിൽ 85 ശതമാനം പേരും ഒരുമാസത്തെ ശമ്പളം നൽകാൻ തയ്യാറായതായി പ്രാഥമിക കണക്ക‌്.
കലക്ടറേറ്റ‌്, കോഴിക്കോട‌്, വടകര, കൊയിലാണ്ടി, താമരശേരി താലൂക്ക‌് ഓഫീസുകളിൽ 95 ശതമാനം പേരും ചലഞ്ച‌് ഏറ്റെടുത്തു. ജില്ലയിൽ ചെറുതും വലുതുമായി 1700 സർക്കാർ ഓഫീസുകളാണുള്ളത‌്. അതിൽ 249 ഓഫീസുകളിലെ മുഴുവൻ ജീവനക്കാരും ഒരുമാസ ശമ്പളം നൽകി. സിവിൽസ‌്റ്റേഷനിലെ നൂറാേളം ഓഫീസുകളിൽ 42 എണ്ണത്തിലെ മുഴുവൻ പേരും ചലഞ്ചിൽ പങ്കാളികളായി. ഏകദേശം 2800 ജീവനക്കാരാണുള്ളത‌്. കോഴിക്കോട് സിറ്റിയിൽ 1500 പൊലീസുകാരും പങ്കാളികളായി. ജില്ലാ പ്ലാനിങ്ങ‌് ഓഫീസ‌്, കുടുംബശ്രീ, മൈനിങ്ങ‌് ആൻഡ‌് ജിയോളജി, ദേശീയ സമ്പാദ്യ പദ്ധതി, ജില്ല ഇൻഫർമേഷൻ, എൻഎച്ച‌് ബൈപാസ‌്, ട്രഷറി ഡെപ്യൂട്ടി ഡയരക‌്ടർ, എൽഎസ‌്ജിഡി ഡിവിഷൻ തുടങ്ങിയവയിലെല്ലാവരും പങ്കാളികളായി.
മെഡിക്കൽ കോളേജിൽ 2421 ജീവനക്കാരിൽ വിസമ്മതപത്രം നൽകിയത‌് 241 പേരാണ‌്. ഡിഎംഒ ഒാഫീസിൽ 96ൽ 11 പേരാണ‌് വിസമ്മതം അറിയിച്ചത‌്. ഇറിഗേഷൻ ഡിവിഷനിൽ രണ്ടും ലേബർ ഓഫീസിൽ അഞ്ചും ഡ്രഗ‌് ഓഫീസിൽ ഒരാളും വിസമ്മത പത്രം നൽകി. കലക‌്ടറേറ്റിൽ 228ൽ 16 പേർ മാത്രം ശമ്പളം നൽകാനാകില്ലെന്ന‌് അറിയിച്ചു.









0 comments