കാർഷിക മേഖല നഷ്ടം 19.51 കോടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2018, 06:12 PM | 0 min read

 

കോഴിക്കോട‌്
ജില്ലയിൽ പ്രകൃതിദുരന്തത്തിൽ കാർഷിക മേഖലയ‌്ക്ക് സംഭവിച്ചത് കനത്ത നാശം. ആഗസ്ത് 23 വരെയുള്ള പ്രാഥമിക കണക്കുകൾ പ്രകാരം 19.51 കോടി രൂപയാണ‌് നഷ്ടം. നാശനഷ‌്ടങ്ങളുടെ അന്തിമ കണക്കുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. കാർഷികവൃത്തിക്ക് പ്രാധാന്യമുള്ള കൊടുവള്ളി, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തുകളെയാണ് ദുരന്തം ഏറെ ബാധിച്ചിരിക്കുന്നത്. തെങ്ങ്, വാഴ, നെല്ല്, കവുങ്ങ്, റബ്ബർ, ജാതി എന്നീ വിളകൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 12308 തെങ്ങ്, 768503 വാഴ,11790 കവുങ്ങ് ,550 കൊക്കോ,7839 റബ്ബർ,1341 ജാതി, 65 ഗ്രാമ്പൂ,100 കശുമാവ്, 5555 കുരുമുളക്, 119 ഹെക്ടർ നെല്ല‌്, 35.28 ഹെക്ടർ കപ്പ, 4.2 ഹെക്ടർ പച്ചക്കറി എന്നിങ്ങനെയാണ് നഷ്ടമായ വിളകളുടെ പ്രാഥമിക കണക്കുകൾ. 860.68 ഹെക്ടർ കൃഷിഭൂമിയിലെ വിളകളാണ്  ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം നഷ്ടമായത്. 7277 കർഷകരാണ് ഇതേതുടർന്ന് ദുരിതത്തിലായിരിക്കുന്നത്. 
നാശനഷ്ടങ്ങൾ ബ്ലോക്ക് തലത്തിൽ വിലയിരുത്തിയശേഷം പ്രാഥമിക  റിപ്പോർട്ട് ജില്ലാ കൃഷി വകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു. ഇതു പ്രകാരം കേന്ദ്ര സർക്കാർ 25.5 ലക്ഷം രൂപയും സംസ്ഥാന സർക്കാർ 7.05 കോടി രൂപയും നഷ്ടങ്ങൾ പരിഹരിക്കാനായി നൽകി. ഈ സാഹചര്യത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ പ്രത്യേക സംഘം രൂപീകരിക്കുകയും 3.7 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
സെപ്തംബർ 10നകം അർഹരായ കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 13.32 ലക്ഷം രൂപ ഇതിനോടകം കർഷകർക്ക് ലഭ്യാക്കിക്കഴിഞ്ഞു.
നഷ്ടമായ വിളകളെ ഫലം ലഭിക്കുന്നത്, ഫലം ലഭിക്കാത്തത് എന്ന് കണക്കാക്കിയാണ് കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുക.
തകർന്ന കൃഷിഭൂമികൾ  പഴയ പ്രതാപത്തിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്  സർക്കാരും കൃഷിവകുപ്പും.


deshabhimani section

Related News

View More
0 comments
Sort by

Home