താൽക്കാലിക ആശുപത്രികൾ ഇന്നുമുതൽ

കോഴിക്കോട‌്
പ്രളയക്കെടുതി മൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും എല്ലായിടത്തും ചികിത്സാ സഹായങ്ങൾ ലഭ്യമാക്കാനുമായി താൽക്കാലികാശുപത്രി വ്യാഴാഴ‌്ച മുതൽ പ്രവർത്തനം തുടങ്ങും. ജില്ലയിൽ 16 കേന്ദ്രങ്ങളാണുള്ളത‌്. നിലവിലുള്ള ആരോഗ്യ കേന്ദ്രങ്ങൾക്ക‌് പുറമെയാണ‌് 30 ദിവസത്തേക്ക‌് ആശുപത്രി തുടങ്ങുന്നത‌്. സംസ്ഥാനത്തൊട്ടാകെ 325 ആശുപത്രികളാണുള്ളത‌്.
പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുറവുള്ളതും അതോടൊപ്പം മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലുമാണ‌് താൽക്കാലിക ആശുപത്രിയുടെ സേവനം ലഭിക്കുക. ഇതിലൂടെ രോഗവ്യാപനം തടയുകയും പ്രതിരോധവുമാണ‌് ലക്ഷ്യമിടുന്നത‌്. താൽക്കാലിക ആശുപത്രി പ്രവർത്തനങ്ങളുടെ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ജില്ലാ ആരോഗ്യ വകുപ്പ‌് അറിയിച്ചു.
കാക്കൂർ, ചക്കിട്ടപ്പാറ, ചൂലൂർ, കക്കോടി, കുണ്ടുതോട‌്, കുന്നമംഗലം, പെരുവയൽ, പുതുപ്പാടി, വാണിമേൽ, വേളം, മരുതോങ്കര, തിരുവമ്പാടി എന്നിവിടങ്ങളിലും കോർപറേഷൻ പ്രദേശമായ ചെറുവണ്ണൂർ, ബേപ്പൂർ, മൂഴിക്കൽ, തണ്ണീർ പന്തൽ എന്നിവിടങ്ങളിലുമാണ‌് ആശുപത്രികൾ ആരംഭിക്കുക.
ഓരോ താൽക്കാലിക ആശുപത്രികളിലും ഡോക്ടർ, നേഴ‌്സ‌്, ഫാർമസിസ‌്റ്റ‌് എന്നിവരുടെ സേവനമുണ്ടാകും. അവധിയില്ലാതെ രാവിലെ ഒമ്പതുമുതൽ പകൽ രണ്ടുവരെയായിരിക്കും പ്രവർത്തനം. ഇവിടേക്കാവശ്യമായ മരുന്നുകളും മറ്റനുബന്ധ സാധനങ്ങളും ആരോഗ്യവകുപ്പ‌് എത്തിക്കും. അതതിടത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഉചിതമായ സ്ഥലത്ത‌് ആശുപത്രിക്ക‌് സ്ഥലസൗകര്യമൊരുക്കും. ഇതിനായി പ്രത്യേക ഫണ്ടും സർക്കാർ അനുവദിച്ചിട്ടുണ്ട്.









0 comments