Deshabhimani

517 നീര്‍ച്ചാലുകൾക്ക് പുതുജീവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 02:07 AM | 0 min read

അനഘ പ്രകാശ്‌
കോഴിക്കോട്
"ഇനി ഞാൻ ഒഴുകട്ടെ' ജനകീയ ക്യാമ്പയിനിലൂടെ ജില്ലയിൽ വീണ്ടെടുത്തത് 517 നീർച്ചാലുകൾ. 1892.86 കിലോമീറ്റർ നീളത്തിൽ, നികന്നുപോയതോ ഒഴുക്ക് നിലച്ചതോ കൈയേറ്റം ചെയ്യപ്പെട്ടതോ ആയ നീർച്ചാലുകൾക്കാണ് പുതുജീവനേകിയത്. നീർച്ചാലുകൾ ശുചീകരിച്ച് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 2019ൽ ഹരിതകേരളം മിഷൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ നടത്തിയ ക്യാമ്പയിന്റെ ഭാഗമായാണിത്.  
2021 ഏപ്രിൽ മുതൽ 2024 നവംബർ വരെയുള്ള കണക്കനുസരിച്ച് ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി 206 കുളം പുനരുജ്ജീവിപ്പിക്കുകയും 172 കുളം പുതുതായി നിർമിക്കുകയും ചെയ്തു. ജലലഭ്യത ആവശ്യമുള്ള ഇടങ്ങൾ കണ്ടെത്തിയാണ് കുളം നിർമിച്ചത്. 1014 കിണർ പുതുതായി നിർമിച്ചു. 403 എണ്ണം റീചാർജ് ചെയ്ത് ജലലഭ്യതയും ഉറപ്പാക്കി. 45 സ്ഥിരം തടയണയും 237 താൽക്കാലിക തടയണയും നിർമിച്ചു. വരൾച്ച അനുഭവപ്പെടുന്ന പ്രദേശങ്ങൾ തെരഞ്ഞെടുത്താണ് തടയണകൾ നിർമിച്ചത്. ജലത്തിന്റെ ​ഗുണനിലവാരം പരിശോധിക്കാൻ ജില്ലയിലാകെ 29 ​ലാബ്‌ സ്ഥാപിച്ചു. ആകെ 1891 പരിശോധന നടത്തി. 
പദ്ധതിയുടെ അടുത്ത ഘട്ടം 29ന് ആരംഭിക്കും. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാ​ഗമായി മാർച്ച് 30ഓടെ സംസ്ഥാനത്തെ മുഴുവൻ നീർച്ചാലുകളും മാലിന്യമുക്തമാക്കി വീണ്ടെടുക്കുകയാണ് ലക്ഷ്യം. ക്യാമ്പയിനിൽ രാഷ്‍ട്രീയ യുവജന സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവരുടെ സേവനവും തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണവുമുണ്ട്. 
മാപ്പിങ് പൂർത്തിയാക്കിയത് 8 പഞ്ചായത്തിൽ
പശ്ചിമഘട്ടത്തോട്‌ ചേർന്ന എട്ട് പഞ്ചായത്തിലെ നീർച്ചാലുകളുടെ സ്ഥിതിവിവരം ഉപ​ഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ശേഖരിച്ചു. ഇവ പരിശോധിച്ച് കൂടിയാണ് നീർച്ചാലുകൾ പുനരുജ്ജീവിപ്പിച്ചത്. ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ പേരിലുള്ള മാപ്പിങ് മൊബൈൽ ആപ്ലിക്കേഷനും പ്രത്യേക സോഫ്‌റ്റ്‌വെയറും ഉപയോ​ഗിച്ചാണ് നടത്തിയത്.


deshabhimani section

Related News

View More
0 comments
Sort by

Home