Deshabhimani

കക്കോടിയിലെ ഓഫീസ് ഒരുവിഭാഗം പട്ടികയടിച്ച് പൂട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 01:59 AM | 0 min read

എലത്തൂർ
എ, ഐ വിഭാഗം തമ്മിലുള്ള തർക്കത്തെ തുടർന്ന് എലത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലെ കക്കോടി മണ്ഡലം കമ്മിറ്റി ഓഫീസ് ഒരുവിഭാഗം പ്രവർത്തകർ പട്ടികയടിച്ച്‌ താഴിട്ടുപൂട്ടി. ഡിസിസി പ്രസിഡന്റിനെ തെറി വിളിക്കുന്നതും പല്ലടിച്ച് കൊഴിക്കണമെന്ന്‌ പറയുന്നതുമായ വാട്സ്‌ആപ് ചാറ്റും പുറത്തായി. മണ്ഡലം പ്രസിഡന്റ്‌ പ്രഭാകരൻ അവധിയിൽ പോയതിനെ തുടർന്ന് നിയോഗിച്ച ഉണ്ണികൃഷ്ണനെ അംഗീകരിക്കാത്തവരാണ് ഓഫീസ് വാതിലിൽ പട്ടിക അടിച്ച് മറ്റൊരു പൂട്ടുകൂടി ഇട്ടത്. പ്രശ്നം പരിഹരിക്കുന്നതുവരെ ഓഫീസ് തുറക്കരുതെന്നും എ ഗ്രൂപ്പിന്റെ ഭീഷണിയുണ്ട്‌. 
ഐ ഗ്രൂപ്പിന്‌ കീഴിലാണ്‌ പ്രഭാകരന് കക്കോടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ സ്ഥാനം ലഭിച്ചത്. പ്രഭാകരൻ അവധി ആവശ്യപ്പെട്ടപ്പോൾ ഐ ഗ്രൂപ്പുകാരനായ ഉണ്ണികൃഷ്ണനെ പ്രസിഡന്റായി നിയോഗിച്ചു. ഐ ഗ്രൂപ്പുകാരനായ ബ്ലോക്ക് പ്രസിഡന്റ്‌ ആറോട്ടിൽ കിഷോർ സ്വന്തം താൽപ്പര്യത്തിലാണ്‌ ഡിസിസി പ്രസിഡന്റിനെ സ്വാധീനിച്ച് ഉണ്ണികൃഷ്ണനെ പ്രസിഡന്റാക്കിയതെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. തുടർന്ന്‌ പാർടി എക്സിക്യുട്ടീവ് കമ്മിറ്റിയുടെ വാട്സ്ആപ് ഗ്രൂപ്പിലാണ്‌ ഡിസിസി പ്രസിഡന്റിനുനേരെ ഭീഷണിയും പാർടിയെ വെല്ലുവിളിച്ചും സന്ദേശം പ്രചരിക്കുന്നത്‌.  
തുറന്ന പോര്‌ ബ്ലോക്ക് പ്രസിഡന്റ്‌ തുടങ്ങിവച്ച സ്ഥിതിക്ക് ആ വെല്ലുവിളി തങ്ങൾ ഏറ്റെടുക്കുന്നുവെന്നാണ്‌ കക്കോടി പഞ്ചായത്ത് അംഗമായ എ ഗ്രൂപ്പ് നേതാവിന്റെ സന്ദേശം. നിങ്ങൾക്ക് കക്കോടിയിലെ കോൺഗ്രസ്സിന്റെ പതനമാണ് വേണ്ടത് എന്നും സ്ഥാനത്ത് തുടരുവാൻ എല്ലാ ആശംസകളും നേരുന്നുവെന്നും പറയുന്നു. ഡിസിസി പ്രസിഡന്റിന്റെ  ചെകിട്ടത്ത് രണ്ടെണ്ണം കൊടുക്കണമെന്നും പഴയ കാര്യങ്ങൾ എല്ലാം പുറത്തുവന്നാൽ ഞങ്ങളെ കുറ്റം പറയരുതെന്നും ഭീഷണിയുമുണ്ട്. അതേസമയം ഐ ഗ്രൂപ്പിന് അനുവദിച്ച പ്രസിഡന്റ്‌ സ്ഥാനം തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കുതന്നെയാണെന്നാണ്‌ ഐ ഗ്രൂപ്പ് നേതാക്കൾ വാദിക്കുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Home