സിപിഐ എമ്മിനെതിരെയുള്ള അസത്യപ്രചാരണം തള്ളിക്കളയണം

നടുവണ്ണൂർ
നടുവണ്ണൂർ വെസ്റ്റ് ബ്രാഞ്ച് അംഗമായിരുന്ന അക്ബറലി കോൺഗ്രസിൽ ചേക്കേറിയതുമായി ബന്ധപ്പെട്ട് വലതുപക്ഷമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പാർടിക്കെതിരെ നടത്തുന്ന അസത്യപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് സിപിഐ എം നടുവണ്ണൂർ ലോക്കൽ കമ്മിറ്റി അഭ്യർഥിച്ചു. നടുവണ്ണൂർ വെസ്റ്റ് ബ്രാഞ്ചിലെ അംഗമായിരുന്ന അക്ബറലി ഇടക്കാലത്ത് പാർടി പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതേ തുടർന്ന് പാർടി വിശദീകരണം ആവശ്യപ്പെടുകയും തുടർന്ന് പാർടി ചുമതലയിൽനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനിടയിലാണ് അക്ബറലി കോൺഗ്രസ് നേതാക്കളോടൊപ്പം ചേർന്ന് അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമായ ആക്ഷേപങ്ങളുമായി രംഗത്തെത്തിയത്.നിലവിൽ സിപിഐ എം നടുവണ്ണൂർ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എൻ ഷിബീഷാണ്. സ്വാർഥതാൽപ്പര്യം ഉയർത്തിപ്പിടിക്കുന്നവർക്ക് ഒരു കാലത്തും പ്രസ്ഥാനത്തിനൊപ്പം ചേർന്ന് പോകാനാവില്ല. ഇപ്പോൾ ഉയർത്തുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധവും മതവർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് വളംവച്ചുനൽകുന്നതുമാണ്. മതേതരത്വം സംരക്ഷിക്കാനായി പോരാടുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അനുഭാവികളെയും അവഹേളിക്കുന്ന സമീപനമാണ് സ്വാർഥതാൽപ്പര്യങ്ങളുമായി വലതുപക്ഷകൂടാരത്തിൽ അഭയംതേടിയ അക്ബറലിയുടേതെന്ന് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
0 comments