പുഴയിലെ കയങ്ങളെല്ലാം മണ്ണ് മൂടി; 
കുടിവെള്ളക്ഷാമം രൂക്ഷമാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 03:35 AM | 0 min read

നാദാപുരം 
വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന്‌ മയ്യഴിപ്പുഴയുടെ പ്രഭവകേന്ദ്രമായ പുല്ലുവപ്പുഴയിലെ കയങ്ങളെല്ലാം കല്ലും മണ്ണും മൂടി. മലയോരത്തെ ഉന്നതി കേന്ദ്രങ്ങളിലെ കുടുംബങ്ങൾ ഉൾപ്പെടെ പ്രധാനമായും ആശ്രയിക്കുന്നത് പുഴവെള്ളത്തെയാണ്. കയങ്ങൾ മൂടിയത് കാരണം വേനൽ കനക്കുന്നതോടെ വിലങ്ങാട് മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകും. ജൂലൈ 31നാണ് ചെറുതും വലുതുമായ 71  ഉരുൾപൊട്ടലുണ്ടായത്. മലവെള്ളപ്പാച്ചിലിൽ പുല്ലുവപ്പുഴയിലൂടെ കിലോമീറ്ററുകളോളം കൂറ്റൻ പാറക്കല്ലുകളും മരത്തടികളും മണ്ണും ഒഴുകിയെത്തി. മീറ്ററുകൾ ഉയരത്തിലാണ് മണ്ണും കല്ലുംകൊണ്ട് കയങ്ങൾ മൂടിയത്.
കൂടലായി കയം, വളവ് കയം, ചേരുങ്കയം, മാപ്പിള തുള്ളിക്കയം തുടങ്ങിയ പ്രധാന കയങ്ങളെല്ലാം മലവെള്ളപ്പാച്ചിലിൽ ഇല്ലാതായി. കൂടലായി കയത്തിന് സമീപം ജല അതോറിറ്റി തടയണകെട്ടിയാണ് അടുപ്പിൽ, കെട്ടിൽ ആദിവാസി ഉന്നതികളിൽ വെള്ളം എത്തിക്കുന്നത്. രണ്ടും മൂന്നും ആൾ പൊക്കത്തിൽ വെള്ളം സംഭരിക്കുന്ന കയങ്ങൾ ഇല്ലാതായതോടെ പമ്പിങ് നിലച്ചനിലയിലാണ്. പുഴയിലെ നീരൊഴുക്ക് വേനലിന് മുമ്പേ നിലച്ചനിലയിലും. പുഴയിൽ കല്ലും മണ്ണും നീക്കാൻ സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ലോഡ് മണ്ണും പാറയും വിലങ്ങാട് ഭാഗത്തുനിന്ന് മാത്രം നീക്കാനുണ്ട്. അടിയന്തരമായി കയങ്ങളിലെ മണ്ണ് നീക്കിയില്ലെങ്കിൽ കുടിവെള്ളത്തിന്‌ നാട്ടുകാർ നെട്ടോട്ടത്തിലാവും.

 



deshabhimani section

Related News

View More
0 comments
Sort by

Home