തിരുവമ്പാടി ഏരിയാ സമ്മേളനം ഇന്ന് തുടങ്ങും

മുക്കം
സിപിഐ എം തിരുവമ്പാടി ഏരിയാ സമ്മേളനം വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവമ്പാടിയിൽ നടക്കും. സമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ വി കെ വിനോദ് പതാക ഉയർത്തി. പതാകജാഥ പി എൻ ഉണ്ണീരിയുടെ മുരിങ്ങംപുറായി മലാങ്കുന്ന് സ്മൃതിമണ്ഡപത്തിൽ ജില്ലാ കമ്മിറ്റി അംഗം വി വസീഫ് ഉദ്ഘാടനംചെയ്തു. പി എൻ ഉണ്ണീരിയുടെ ഭാര്യ സരോജിനിയിൽനിന്ന് ജാഥാ ലീഡർ കെ ടി ബിനു പതാക ഏറ്റുവാങ്ങി. കോടഞ്ചേരിയിലെ ജോസ് വർഗീസ് സ്മാരകത്തിൽ കൊടിമര ജാഥ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വിശ്വനാഥൻ ഉദ്ഘാടനംചെയ്തു. ജോസ് വർഗീസിന്റെ ഭാര്യ ചിന്നമ്മയിൽനിന്ന് ജാഥാ ക്യാപ്റ്റൻ ജോണി ഇടശ്ശേരി കൊടിമരം ഏറ്റുവാങ്ങി. ഇരു ജാഥകളും തിരുവമ്പാടിയിൽ സംഗമിച്ചശേഷം പൊതുസമ്മേളനം നടക്കുന്ന സീതാറാം യെച്ചൂരി–- കോടിയേരി ബാലകൃഷ്ണൻ നഗറിൽ പതാക ഉയർത്തി.
വ്യാഴം രാവിലെ തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിലെ വി കെ പീതാംബരൻ നഗറിൽ പ്രതിനിധി സമ്മേളനം തുടങ്ങും. രാവിലെ എട്ടിന് സമ്മേളന നഗറിൽ കൊളുത്താനുള്ള ദീപശിഖ മത്തായി ചാക്കോ സ്മൃതിമണ്ഡപത്തിൽനിന്ന് രക്തസാക്ഷി ജോബി ആൻഡ്രൂസിന്റെ അച്ഛൻ സി സി ആൻഡ്രൂസ് ഏരിയാ കമ്മിറ്റി അംഗം ലിന്റോ ജോസഫ് എംഎൽഎക്ക് കൈമാറും. തുടർന്ന് അത്‌ലീറ്റുകളുടെ അകമ്പടിയോടെ സമ്മേളന നഗരിയിലെത്തിച്ച് തിരിതെളിക്കും.
സമ്മേളനഹാളിന് പുറത്ത് തയ്യാറാക്കിയ രക്തസാക്ഷി സ്തൂപത്തിലെ പുഷ്പാർച്ചനക്കുശേഷം പ്രതിനിധികൾ പ്രകടനമായി സമ്മേളന നഗരിയിലെത്തും. ഇ രമേശ് ബാബു പതാക ഉയർത്തും. സമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്യും. ലോക്കൽ സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 136 പ്രതിനിധികളും 20 ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കം 156 പേർ സമ്മേളനത്തിൽ പങ്കെടുക്കും.
വെള്ളി വൈകിട്ട് പ്രകടനവും വളന്റിയർ മാർച്ചും മിൽമുക്കിൽനിന്ന് ആരംഭിക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. ശേഷം കലാപരിപാടികളും അരങ്ങേറും.









0 comments