കരുതലായി കൈത്താങ്ങായി , 280 പരാതികള്‍ക്ക് പരിഹാരം

സ്വന്തം ലേഖകൻ
കോഴിക്കോട്
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ കോഴിക്കോട് താലൂക്ക് തലത്തിൽ നടന്ന അദാലത്തിൽ പരിഗണിച്ചത് 450 പരാതികൾ. ഇവയിൽ 190 പരാതികൾ ഉദ്യോഗസ്ഥതലത്തിലും ഉദ്യോഗസ്ഥ തലത്തിൽ പരിഹാരമാവാതിരുന്ന 90 പരാതികൾ മന്ത്രിമാരുടെ നേതൃത്വത്തിലും പരിഹരിച്ചു. ബാക്കിയുള്ള തുടർനടപടി ആവശ്യമുള്ള പരാതികൾ എത്രയും വേഗം പരിഹരിക്കാൻ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ ബന്ധപ്പെട്ടവർക്ക് നിർദേശംനൽകി. ഇവ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് തീരുമാനം പരാതിക്കാരെ അറിയിക്കും.
357 പരാതികൾ ഓൺലൈനായും 117 പരാതികൾ അദാലത്ത് വേദിയിലും ലഭിച്ചു. 29 പേർക്ക് എഎവൈ കാർഡുകളും ഏഴുപേർക്ക് മുൻഗണന കാർഡുകളും വിതരണംചെയ്തുകൊണ്ടായിരുന്നു അദാലത്തിന് തുടക്കമായത്. കോവൂർ പി കൃഷ്ണപിള്ള സ്മാരക ഹാളിൽ നടന്ന അദാലത്തിൽ മേയർ ബീന ഫിലിപ്പ്, എംഎൽഎമാരായ പി ടി എ റഹീം, അഹമ്മദ് ദേവർ കോവിൽ, കെ പി കുഞ്ഞഹമ്മദ് കുട്ടി, ലിന്റോ ജോസഫ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കലക്ടർ സ്‌നേഹിൽകുമാർ സിങ്, ഉത്തരമേഖലാ ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി, സബ് കലക്ടർ ഇൻ ചാർജ് ആയുഷ് ഗോയൽ, എഡിഎം എൻ എം മെഹറലി, ഡെപ്യൂട്ടി കലക്ടർമാർ, വകുപ്പ് തലവൻമാർ തുടങ്ങിയവർ പങ്കെടുത്തു.
റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റൽ, കെട്ടിടനമ്പർ ലഭിക്കൽ, നികുതി അടവ്, വഴിത്തർക്കം, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളായിരുന്നു അദാലത്തിൽ കൂടുതലായി ലഭിച്ചത്.
വടകര താലൂക്ക്തല അദാലത്ത് ഇന്ന്
വടകര താലൂക്ക്തല അദാലത്ത് ചൊവ്വ രാവിലെ 10 മുതൽ വടകര മുനിസിപ്പൽ ടൗൺ ഹാളിലും കൊയിലാണ്ടി താലൂക്ക്തല അദാലത്ത് 12ന് കൊയിലാണ്ടി ഇ എം എസ് സ്മാരക ടൗൺഹാളിലും താമരശേരി താലൂക്ക്തല അദാലത്ത് 13ന് താമരശേരി മേരി മാതാ കത്തീഡ്രൽ ഹാളിലും നടക്കും.









0 comments