പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസ് ഉപരോധിച്ചു

പേരാമ്പ്ര
പ്ലാന്റേഷൻ കോർപറേഷന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിൽ മരം വിൽപ്പനയിൽ നടന്ന ക്രമക്കേട് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര ഏരിയാ എസ്‌റ്റേറ്റ് ലേബർ യൂണിയൻ സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ പണിമുടക്കി എസ്റ്റേറ്റ് ഓഫീസ് ഉപരോധിച്ചു. കാട്ടാന നശിപ്പിച്ചതും കാറ്റിൽ ഒടിഞ്ഞതുമായ റബർ മരങ്ങൾ കരാർ വ്യവസ്ഥയിൽ കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി വിൽപ്പന നടത്തിയതിൽ അമ്പത് ലക്ഷത്തിൽപ്പരം രൂപയുടെ അഴിമതി നടന്നതായാണ് പരാതി. ജീവനക്കാരുടെ ഒത്താശയോടെ നടന്ന അഴിമതി ഗൗരവമുള്ളതാണ്. അന്വേഷണം നടത്തിയില്ലെങ്കിൽ 16 മുതൽ അനിശ്ചിതകാല പണിമുടക്കും ഓഫീസ് ഉപരോധവും സംഘടിപ്പിക്കുമെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഉപരോധ സമരം തോട്ടംതൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ സുനിൽ ഉദ്ഘാടനംചെയ്തു. കെ ടി സതീഷ് അധ്യക്ഷനായി. സിപിഐ എം മുതുകാട് ലോക്കൽ സെക്രട്ടറി പി സി സുരാജൻ, എം ബി പ്രദീപൻ, കെ വിനോദ്, സി അശോകൻ, കെ രാജീവൻ, കെ കെ ഷീബ, കെ ഷിബു, സിആർ ഷീന എന്നിവർ സംസാരിച്ചു. പിജെ റെജി സ്വാഗതം പറഞ്ഞു.
Related News

0 comments