അഴിയൂർ–-വെങ്ങളം ദേശീയപാത പ്രവൃത്തിയുടെ വേഗം കൂട്ടണം

പയ്യോളി
അഴിയൂർ–--വെങ്ങളം ദേശീയപാത വികസന പ്രവൃത്തിയുടെ വേഗം കൂട്ടണമെന്ന് സിപിഐ എം പയ്യോളി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന പദ്ധതിയാണ് ദേശീയപാത വികസനം. യുഡിഎഫ് ഭരണകാലത്ത് അസാധ്യമെന്ന് കണക്കാക്കി ഉപേക്ഷിച്ച ദേശീയപാത വികസനം 2016ൽ അധികാരത്തിൽ വന്ന പിണറായി സർക്കാർ മുൻകൈയെടുത്താണ് യാഥാർഥ്യമാക്കിയത്. അഴിയൂർ മുതൽ വെങ്ങളം വരെയുള്ള റീച്ചിൽ നിർമാണ പ്രവർത്തനം മന്ദഗതിയിലാണ്. ഈ സാഹചര്യത്തിൽ ദേശീയപാത അഴിയൂർ വെങ്ങളം റീച്ചിന്റെ നിർമാണ പ്രവൃത്തിയുടെ വേഗംകൂട്ടി പണി പൂർത്തിയാക്കണമെന്ന് സമ്മേളനം എൻഎച്ച് അധികാരികളോട് ആവശ്യപ്പെട്ടു.
പയ്യോളി റെയിൽവേ സ്റ്റേഷൻ വികസനം ഉറപ്പാക്കുക, മേലടി സിഎച്ച്സിയിൽ കിടത്തിച്ചികിത്സ ആരംഭിക്കുക, കൊളാവിപ്പാലത്ത് പുലിമുട്ട് നിർമിക്കുക, അയനിക്കാട് കുറ്റിയിൽപീടികയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുക, നന്തി റെയിൽവേ ട്രാക്ക് ക്രോസിങ് വഴി അടച്ചുപൂട്ടുന്നത് അവസാനിപ്പിക്കുക, മേപ്പയൂർ പള്ളിക്കര വഴി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള കെഎസ്ആർടിസി ബസ് റൂട്ട് പുനഃസ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ഏരിയാ പ്രവർത്തന റിപ്പോർട്ടിന്റെ ഭാഗമായി നടന്ന ചർച്ചക്ക് ഏരിയാ സെക്രട്ടറി എം പി ഷിബുവും പൊതുചർച്ചക്ക് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണനും മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ കെ ദിനേശൻ, കെ കെ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞമ്മദ്, പി വിശ്വൻ, കെ ദാസൻ, കാനത്തിൽ ജമീല എംഎൽഎ, ഡി ദീപ എന്നിവർ സംസാരിച്ചു. സുരേഷ് ചങ്ങാടത്ത് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. വൈകിട്ട് നന്തി കേന്ദ്രീകരിച്ച് ചുവപ്പുസേനാ മാർച്ചും ആയിരക്കണക്കിന് ബഹുജനങ്ങൾ അണിനിരന്ന റാലിയും നടന്നു.
സീതാറാം യെച്ചൂരി നഗറിൽ നടന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി എം പി ഷിബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം ഡി ദീപ, കെ ജീവാനന്ദൻ, പി എം വേണുഗോപാലൻ, കെ കെ മമ്മു, വി വി സുരേഷ്, സി കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എ കെ ഷൈജു സ്വാഗതം പറഞ്ഞു.









0 comments