ആർഎംഎസ് ഓഫീസ്‌ ഒഴിപ്പിക്കാനുള്ള നീക്കം സമരസമിതി തടഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 12:52 AM | 0 min read

വടകര
രജിസ്ട്രേഡ് പോസ്റ്റ്–-സ്പീഡ് പോസ്റ്റ് ലയനത്തെ തുടർന്ന് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് ഒഴിപ്പിക്കാനുള്ള അധികൃതരുടെ ശ്രമം സംയുക്ത സമരസമിതി നേതൃത്വത്തിൽ തടഞ്ഞു. ഞായർ പകൽ പതിനൊന്നോടെയാണ് ആർഎംഎസിന്റെ കോഴിക്കോട് ഡിവിഷണൽ ഓഫീസിൽനിന്ന്‌ ഉദ്യോഗസ്ഥരെത്തി ഓഫീസ് ഫർണിച്ചർ ഉൾപ്പെടെ മാറ്റാൻ നടപടി സ്വീകരിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സംയുക്ത സമരസമിതി പ്രവർത്തകർ ഒഴിപ്പിക്കൽ നീക്കം തടഞ്ഞു. തുടർന്ന് ഒഴിപ്പിക്കൽ താൽക്കാലികമായി നിർത്തിവച്ചു. 
പരീക്ഷാ പേപ്പറുകൾ ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികളും ഒരു കംപ്യൂട്ടറും മാറ്റുന്നതിന് പ്രതിഷേധക്കാർ അനുവദിച്ചു. പൊലീസും സ്ഥലത്തെത്തി. ആർഎംഎസ് നിർത്തലാക്കുന്നത് സംബന്ധിച്ച് സമരസമിതി നേതാക്കൾ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും  എംപിക്കും ഉൾപ്പെടെ നിവേദനം നൽകിയിരുന്നു. പ്രശ്നം അനുഭാവപൂർവം പരിഗണിക്കുമെന്നാണ് മറുപടി ലഭിച്ചത്. ഇതിനിടയിലാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വടകര ആർഎംഎസിൽനിന്ന്‌ ഫർണിച്ചർ ഉൾപ്പെടെയുള്ളവ മാറ്റാൻ നീക്കം നടന്നത്. 
വടകര ആർഎംഎസ് കൈകാര്യംചെയ്യുന്ന രജിസ്റ്റേഡ് പോസ്റ്റ് ആർട്ടിക്കിൾ, മറ്റ്‌ സാധാരണ തപാൽ ഉരുപ്പടികൾ എന്നിവ എൽ1 ഓഫീസായ കോഴിക്കോട് ആർഎംഎസിലേക്കാണ്‌ ലയിപ്പിക്കുന്നത്. ഇതോടെ വടകര ആർഎംഎസ് ഓർമയായി മാറും. വടകര, കുറ്റ്യാടി, മാഹി, കൊയിലാണ്ടി, പേരാമ്പ്ര തുടങ്ങിയ നിയോജക മണ്ഡലത്തിലേക്കുള്ള തപാൽ ഉരുപ്പടികളാണ് നിലവിൽ വടകരയിൽ കൈകാര്യംചെയ്യുന്നത്. ജില്ലയിലെ മലയോര മേഖലകളായ കാവിലുംപാറ, പെരുവണ്ണാമുഴി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള തപാൽ ഉരുപ്പടികൾ സമയബന്ധിതമായി വിതരണംചെയ്യുന്നത് വടകര ആർഎംഎസിലൂടെയാണ്. നിലവിൽ ആറ് വ്യത്യസ്ത ട്രെയിനുകളിലൂടെ ഇരുപതോളം ആർഎംഎസ് ഓഫീസുകളിൽനിന്ന്‌ നാല് മെയിൽ വാനുകളിലായി 20,000- –-25,000 സാധാരണ ഉരുപ്പടികളും 2500 രജിസ്ട്രേഡ് കത്തുകളും നൂറുകണക്കിന് സ്പീഡ് പാർസൽ ബാഗുകളും എത്തുകയും അവ  തരംതിരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്നതിൽ വടകര ആർഎംഎസ് മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ ഇത് നിലനിർത്തേണ്ടത് അനിവാര്യമാണെന്നാണ് ജനങ്ങളുടെ പക്ഷം. സ്പീഡ് പോസ്റ്റ്–-രജിസ്ട്രേഡ് പോസ്റ്റുകളുടെ ലയനത്തോടെ വിവിധ മേഖലകളിലേക്കുള്ള കത്തുകൾ കോഴിക്കോട്ടേക്ക് പോവുകയും തപാൽ ഉരുപ്പടികളുടെ വിതരണത്തിൽ കാലതാമസം ഉണ്ടാവുകയും ചെയ്യും. കൂടാതെ വടകര ആർഎംഎസിനെ ആശ്രയിച്ച്‌ ജീവിക്കുന്ന ഇരുപതോളം താൽക്കാലിക ജീവനക്കാരുടെ ജീവിതവും വഴിമുട്ടും.


deshabhimani section

Related News

View More
0 comments
Sort by

Home