വിദഗ്‌ധസംഘം പരിശോധിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 03:27 AM | 0 min read

എലത്തൂർ
 എലത്തൂരിൽ ഇന്ധനം പുറത്തേക്കൊഴുകിയതുമായി ബന്ധപ്പെട്ട് വിദഗ്‌ധ സംഘത്തെ കൊണ്ടുവന്ന് പരിശോധിപ്പിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഹിന്ദുസ്ഥാൻ കമ്പനിയുടെ ഹെഡ്ക്വാർട്ടേഴ്‌സുമായി ബന്ധപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രാലയവുമായി ബന്ധപ്പെട്ടുവരികയാണ്. ജനങ്ങൾക്ക് വലിയ ഉത്കണ്‌ഠയുണ്ടായുണ്ടാക്കുന്ന നിലയിൽ ഡിപ്പോ നടത്തിക്കൊണ്ടുപോവാൻ സാധ്യമല്ലെന്ന നിലപാട് അവരെ അറിയിക്കും. പിഴവുണ്ടെന്ന് മനസ്സിലായതോടെ ഫാക്ടറീസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. മെക്കാനിക്കൽ സിസ്റ്റവും പരാജയപ്പെട്ടു. എലത്തൂർ ഡിപ്പോയിലെത്തി ഡിപ്പോ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. 
വെള്ളിയാഴ്ച രാവിലെ തന്നെ ജലാശയങ്ങളും മറ്റും ശുചീകരിക്കും. കാര്യങ്ങൾ ജനങ്ങളിൽനിന്ന് മറച്ചുവച്ച് അവരെ ആശങ്കാകുലരാക്കരുതെന്ന് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് ആശങ്കയുണ്ടാവുമ്പോഴെല്ലാം കമ്പനി മുഖം തിരിഞ്ഞുനിൽക്കുന്നത് ശരിയല്ല. ജില്ലാ ഭരണനേതൃത്വവും മറ്റു അധികാരികളും സമയോചിതമായി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മറ്റു വീഴ്ചകളുണ്ടെങ്കിൽ പരിശോധന നടത്തും.  
എഡിഎമ്മും ഉന്നത ഉദ്യോഗസ്ഥരും എച്ച്പിസിഎൽ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരും വെള്ളിയാഴ്ച വീണ്ടും ചർച്ച നടത്തും. ദുരന്തനിവാരണ അതോറിറ്റിയുമായി സംസാരിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാമെന്ന് റവന്യുമന്ത്രിയും പറഞ്ഞിട്ടുണ്ട്. വിദഗ്‌ധസംഘത്തിന്റെ പരിശോധന തൃപ്തികരമല്ലെങ്കിൽ മറ്റു വഴികൾ തേടും. കോർപറേഷൻ വികസന സമിതി അധ്യക്ഷ ഒ പി ഷിജിന, എഡിഎം എൻ എം മെഹറലി, ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി, ഡിസാസ്റ്റർ മാനേജ്‌മെന്റ് അനലിസ്റ്റ് അശ്വതി, തഹസിൽദാർ പ്രേംലാൽ, വില്ലേജ് ഓഫീസർ പി ജിജി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home