കോട്ടൂളി തണ്ണീർത്തടം നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

കോഴിക്കോട്
കോട്ടൂളി തണ്ണീർത്തടം നികത്താനുള്ള സ്വകാര്യവ്യക്തികളുടെ ശ്രമം നാട്ടുകാർ തടഞ്ഞു. സ്ഥലം നികത്താനായി മാലിന്യം എത്തിച്ച വാഹനം ഡെപ്യൂട്ടി തഹസിൽദാർ പി വി ശ്രീജിത്ത് കസ്‌റ്റഡിയിലെടുത്തു. കൗൺസിലർ എം എൻ പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്.
വ്യാഴാഴ്‌ച കലിക്കറ്റ് ട്രേഡ് സെന്ററിനടുത്ത് പകൽ 11.30 ഓടെയായിരുന്നു സംഭവം. ചപ്പുചവറുകളും വൃക്ഷച്ചില്ലകളും ഉൾപ്പെടെയുള്ള മാലിന്യം തണ്ണീർത്തടത്തിൽ തള്ളാനായി പിക്കപ്പ് വാഹനം എത്തിയത് പ്രദേശത്തുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സിപിഐ എം പ്രവർത്തകരെത്തി വാഹനം തടഞ്ഞു. റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ, സരോവരം ബയോപാർക്ക് പ്രകൃതി സംരക്ഷണ സമിതി എന്നിവയുടെ പ്രതിനിധികളും പ്രതിഷേധിച്ചു. തുടർന്ന് പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വാഹനം കസ്‌റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ ഇല്ലെന്നുപറഞ്ഞ് ഉടമകൾ പകൽ 3.30വരെ വൈകിപ്പിച്ചു. വാഹനം കസ്‌റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം എരഞ്ഞിപ്പാലം ലോക്കൽ സെക്രട്ടറി ടി സി ബിജുരാജ്, ഏരിയാ കമ്മിറ്റി അംഗം കെ പി സലീം എന്നിവരുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരെ ഉപരോധിച്ചു. വാഹനം നീക്കാൻ ക്രെയിൻ ഉപയോഗിക്കാമെന്ന തീരുമാനമെടുത്തപ്പോഴാണ് ഡ്രൈവർ എത്തിയത്. തുടർന്ന് വാഹനം കസ്‌റ്റഡിയിലെടുത്ത് നീക്കി. കഴിഞ്ഞ ദിവസം നികത്തുന്നതിനിടെ തടഞ്ഞുവച്ച ജെസിബിയും കസ്‌റ്റഡിയിലെടുത്തു.









0 comments