വർണലോകം തീർത്ത് അമ്മയും മകളും

വടകര
പാഴ്‌ത്തുണിയോ പ്ലാസ്‌റ്റിക് ബോട്ടിലോ എന്തുമാവട്ടെ, നിമിഷനേരംകൊണ്ടത് പൂക്കളും കണിക്കൊന്നയും പാവക്കുട്ടിയുമാക്കാനുള്ള മാജിക് ലീനയ്ക്കറിയാം. രോഗം അരയ്ക്കുതാഴെ കീഴടക്കിയെങ്കിലും തളരാത്ത മനസ്സും അമ്മ ലക്ഷ്‌മിയുടെ കൂട്ടും ചേർന്നാൽ കരകൗശല ഉൽപ്പന്നങ്ങളുടെ മനോഹരലോകം തീർക്കാൻ ലീനയ്ക്ക് നിമിഷങ്ങൾ മതി. പരിമിതി വലിയ സാധ്യതകളിലേക്കുള്ള വാതായനങ്ങളെന്ന് ജീവിതത്തിലൂടെ കാണിച്ചുതരികയാണ് വടകര തെക്കെ പഴങ്കാവിൽ ലീനയും അമ്മ ലക്ഷ്മിയും.
ഉപേക്ഷിക്കുന്ന വസ്‌തുക്കളെ കരവിരുതിനാൽ മനോഹര ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണ് ഇരുവരും. 26 വർഷങ്ങൾക്കുമുമ്പ് പഠനകാലത്ത് സുഷുമ്നാ നാഡിക്ക് ബാധിച്ച ട്യൂമറാണ് ലീനയുടെ ജീവിതം പ്രതിസന്ധിയിലാക്കിയത്. ശസ്ത്രക്രിയക്കുശേഷം അരയ്ക്കുതാഴെ തളർന്നു. ഇരിക്കാനും വീൽ ചെയറിൽ സഞ്ചരിക്കാനുമിപ്പോൾ കഴിയും. വായിച്ചും സ്വയം പഠിച്ചും അമ്മ ലക്ഷ്മിയാണ് ആദ്യം കരകൗശല വസ്തു നിർമാണം പരിശീലിച്ചത്. മാനസികോല്ലാസത്തിനായാണ് ലീനയെയും പരിശീലിപ്പിച്ചത്. ഇപ്പോൾ ഇരുവരും ഒന്നിച്ചാണ് ഉൽപ്പന്നങ്ങളുണ്ടാക്കുന്നത്.
ഡയപ്പർ കവറുകളും പാക്കറ്റ് പാൽ കവറുകളും ഉപയോഗിച്ച് ബാഗുകൾ, പഴയ തുണികൊണ്ടുള്ള കാർപെറ്റുകൾ, ടീപ്പോയ് കവർ, നൂലിൽ നെയ്തെടുത്ത മയിൽ, പേപ്പർ പേന തുടങ്ങിയവയെല്ലാം ആരുടെയും മനം കവരും. കമ്പിളി നൂലിൽ കൈകൊണ്ട് തുന്നിയെടുത്ത കുഞ്ഞുടുപ്പുകളും മികച്ചതാണ്. പാലിയേറ്റീവ് സംഘടനക്കുവേണ്ടി ഇരുവരും നിർമിച്ച വസ്തുക്കൾ പ്രദർശിപ്പിച്ചിരുന്നു.









0 comments