ഉലയിൽ ഉലയുന്നു ജീവിതങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 02:10 AM | 0 min read

 

വടകര
ഉലയിൽ ഊതി മിനുക്കിയെടുത്ത ആയുധങ്ങൾ നിരവധിയാണ്‌. എന്നാൽ, തീച്ചൂടേറ്റ് ചെന്നിറമായ ആ ഇരുമ്പിന്റെ തെളിച്ചം ജീവിതത്തിന്‌ ഇന്നില്ലെന്ന്‌ കൊല്ലപ്പണിക്കാർ. വിളക്കിച്ചേർത്തും മൂർച്ചകൂട്ടിയും മനുഷ്യാധ്വാനത്തിന്‌ കരുത്തുപകർന്ന ആലകൾ അന്യമാവുകയാണ്‌. 
ചെങ്കല്ലുവെട്ടലും നാടൻ പണികളും സജീവമായിരുന്ന കാലത്തുനിന്ന്‌ പുതിയ ലോകത്തിന്റെ സാധ്യതകൾ ഗ്രാമങ്ങളിലെ മറ്റൊരു പരമ്പരാഗത തൊഴിൽ മേഖലയെക്കൂടി ബാധിച്ചു. 
മുതൽമുടക്ക് കൂടുന്നതും അധ്വാനത്തിനൊത്ത കൂലി ഇല്ലാതാകുന്നതുമാണ്‌ പ്രധാനമായും മേഖലയെ പ്രതിസന്ധിയിലാക്കുന്നത്‌. ‘അരിവാളോ കൊടുവാളോ നിർമിക്കണമെങ്കിൽ ഒരു ദിവസത്തെ അധ്വാനമുണ്ട്‌.  കുറഞ്ഞ കൂലി വാങ്ങിയാലും മാർക്കറ്റിൽ അതിന്റെ നേർപകുതി വിലയ്‌ക്ക് ഉൽപ്പന്നങ്ങളുണ്ട്‌. തീച്ചൂളയ്‌ക്കുള്ള ചിരട്ടയ്‌ക്കുപോലും വില കൂടി. കൊല്ലപ്പണി പരമ്പരാഗത കുലത്തൊഴിലാണ്. ഇതുകൊണ്ടുമാത്രം കുടുംബം പുലർത്താൻ കഴിയാതായതോടെ  ഈ മേഖലയിലുള്ളവർ ജോലി ഉപേക്ഷിക്കുകയാണ്‌’– 18ാം വയസ്സിൽ ഇരുമ്പുപണി തുടങ്ങിയ എളമ്പിലാട് പുതുവടകരക്കോട്ട് അശോകൻ പറയുന്നു.
മണിയൂർ പഞ്ചായത്തിൽ മാത്രം ഇരുപതോളം ഇരുമ്പുപണിക്കാർ ഉണ്ടായിരുന്നിടത്ത്‌ നിലവിൽ മൂന്നുപേരെ ജോലി തുടരുന്നുള്ളൂ. തൊഴിലുറപ്പ്‌ തൊഴിലാളികളും നാടൻ തൊഴിലാളികളും പണിയായുധങ്ങൾ മൂർച്ച കൂട്ടാൻ എത്തുന്നത്‌ മാത്രമാണ്‌ നിലവിലെ വരുമാനമാർഗം. 
വീട്ടിലെ അരിവാൾ ഉൾപ്പെടെയുള്ളവ മൂർച്ച കൂട്ടാനും ചിലരെത്തുന്നു.  പ്രാരബ്ധങ്ങൾ ഏറെയുണ്ടെങ്കിലും പതിറ്റാണ്ടുകളായി തുടരുന്ന തൊഴിൽ അവസാനിപ്പിക്കാൻ മനസ്സ്‌ അനുവദിക്കുന്നില്ലെന്ന്‌ അശോകൻ പറയുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home