രാജ്യാന്തര സഹകരണ സമ്മേളനത്തിന് ഇന്ന് സമാപനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 12:42 AM | 0 min read

 

കോഴിക്കോട്
സഹകരണമേഖലയുടെ സാധ്യതകളും വെല്ലുവിളികളും ചർച്ചയായ രാജ്യാന്തര സഹകരണ സമ്മേളനത്തിന് വെള്ളിയാഴ്‌ച സമാപനം കുറിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് അന്താരാഷ്ട്ര കോ ഓപ്പറേറ്റീവ് അലയൻസ് ഏഷ്യ- പസഫിക് ഗവേഷണ സമ്മേളനത്തിന് കോഴിക്കോട് ആതിഥ്യമേകിയത്.
കേരളത്തിലെ കാർഷികരംഗത്തിന്‌ പുതുജീവൻ പകരാനുള്ള ആശയങ്ങളും നിർദേശങ്ങളുംകൊണ്ട്  മൂന്നാംദിനം ശ്രദ്ധേയമായി. ആധുനിക സാങ്കേതികരീതികളും ഉയർന്ന ഉൽപ്പാദനക്ഷമതയുമുള്ള നെതർ‌ലൻഡ്സിലെ കാർഷികമേഖലയുടെ അനുഭവങ്ങളും സമ്പ്രദായങ്ങളും ‘സുസ്ഥിരകൃഷി: കേരളത്തിന്റെ സുസ്ഥിര ഭക്ഷ്യസുരക്ഷയ്ക്കും സുരക്ഷിതഭക്ഷണത്തിനും വേണ്ട പാഠങ്ങൾ’ എന്ന വട്ടമേശസമ്മേളനത്തിൽ ചർച്ചചെയ്തു.  ഗവേഷണഫലങ്ങൾ കർഷകരിൽ എത്തിക്കാൻ ഗവേഷകരും ഗവേഷക വിദ്യാർഥികളും പാടത്തിറങ്ങണമെന്ന് കാർഷിക വിദഗ്‌ധനും നെതർലൻഡ്സിലെ അഗ്രിഗ്രേഡ് ഡയറക്ടറുമായ കീസ് വാൻ റിജ് നിർദേശിച്ചു. 
കാർഷികോൽപ്പാദനത്തിൽ രാജ്യം സ്വയംപര്യാപ്തമാണെന്നു പറയുമ്പോഴും ഭക്ഷണത്തിന്റെ ലഭ്യതയും ഗുണമേന്മയും അത് വാങ്ങാനുള്ള ജനതയുടെ കഴിവും മോശമായെന്ന് മോഡറേറ്ററായ നാഷണൽ കോ- ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ ഉപദേഷ്ടാവ് ഡോ. സാഗർ കിസാൻ വാഡ്കർ പറഞ്ഞു. 
സഹകരണപ്രസ്ഥാനം, ഡിജിറ്റലൈസേഷൻ, കൃഷിയും കർഷകരും, മനുഷ്യവിഭവവും നയങ്ങളും സമ്പ്രദായങ്ങളും, കൈത്തറി, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ വിഷയങ്ങളിലും ചർച്ചനടന്നു. കൂപ് പിച്ച് മത്സരവിജയികളുടെ പ്രഖ്യാപനം, മൗറിറ്റ്സ് ബോണൊ അവാർഡ് പ്രഖ്യാപനം, സമാപന സമ്മേളനം എന്നിവയോടെ അന്താരാഷ്ട്രസമ്മേളനത്തിന് കൊടിയിറങ്ങും.


deshabhimani section

Related News

View More
0 comments
Sort by

Home