ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമം: 
തിരുവള്ളൂരിൽ എൽഡിഎഫ് പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 02:33 AM | 0 min read

തിരുവള്ളൂർ
തിരുവള്ളൂർ പഞ്ചായത്തിൽ യുഡിഎഫ്‌ ഭരണസമിതി ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നു. യുഡിഎഫ് നീക്കത്തിനെതിരെ എൽഡിഎഫ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ലൈഫ് പദ്ധതി ഗുണഭോക്താക്കൾ ഉൾപ്പെടെ പങ്കെടുത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിനുമുമ്പിൽ ബി സുരേഷ് ബാബു ഉദ്ഘാടനംചെയ്തു. 
രണ്ടുവർഷം മുമ്പ്‌ 236 പേരുടെ അന്തിമപട്ടിക പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഗുണഭോക്തൃ പട്ടികയിലെ ആദ്യത്തെ 100 പേർക്ക് ഒരുവർഷംകൊണ്ട് വീട് പൂർത്തിയാക്കാനും തുടർന്ന് ബാക്കിവരുന്ന എല്ലാവർക്കും വീട് ലഭ്യമാക്കണമെന്നുമാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നത്‌. എന്നാൽ, ആദ്യഘട്ടത്തിൽ കരാർ ഒപ്പുവച്ച 86 പേരിൽ ഒരാൾക്ക് മാത്രമാണ് പദ്ധതി തുകയായ നാലുലക്ഷം രൂപ പൂർണമായും ലഭിച്ചത്. മുപ്പത്തിമൂന്നോളം ഗുണഭോക്താക്കൾ വീടുപണി പൂർത്തിയാക്കിയെങ്കിലും അവർക്ക് ഫണ്ട് പൂർണമായി ലഭിച്ചില്ല. 1.35 കോടി രൂപ മാത്രമാണ് ഇതിനകം പഞ്ചായത്ത് ഈ ഇനത്തിൽ ചെലവഴിച്ചത്. 3.44 കോടി രൂപ ചെലവഴിക്കേണ്ട സ്ഥാനത്താണ് പഞ്ചായത്തിന്റെ ഈ അനാസ്ഥ. 
ഹഡ്കോയിൽനിന്ന് വായ്പയെടുത്ത്‌ നേരത്തെ കരാർ ഒപ്പുവച്ച 86 ഗുണഭോക്താക്കൾക്കും പദ്ധതിവിഹിതം പൂർണമായും നൽകണമെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത് ഒരു വർഷം മുന്നേയാണ്. ഇതുവരെ തുടർനടപടി കൈക്കൊണ്ടിട്ടില്ല. പാവപ്പെട്ടവരുടെ വീട് എന്ന സ്വപ്നം തകർക്കുന്ന പഞ്ചായത്ത് ഭരണസമിതി നിലപാടിനെതിരായാണ് എൽഡിഎഫ് സമരം സംഘടിപ്പിച്ചത്. 22ന് ലൈഫ് ഗുണഭോക്താക്കളുടെ യോഗം ധാരണപത്രം ഒപ്പുവയ്‌ക്കാനായി പഞ്ചായത്ത്‌ വിളിച്ചുചേർത്തത് ഈ സമരത്തിന്റെ നേട്ടമാണെന്ന് എൽഡിഎഫ് നേതൃത്വം അറിയിച്ചു. പി പി രാജൻ അധ്യക്ഷനായി. എൻ കെ അഖിലേഷ്, എം ടി രാജൻ, കെ കെ സുരേഷ്, ഗോപീനാരായണൻ, വള്ളിൽ ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home