ആർട്ടിസ്റ്റ് ദേവസ്യയുടെ വീട്ടിൽ നിറയുന്നു ഗാന്ധി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 01:58 AM | 0 min read

കുന്നമംഗലം
 ആർട്ടിസ്റ്റ് ദേവസ്യ ദേവഗിരിയുടെ പെരിങ്ങൊളം ‘മാറാപ്പിള്ളിൽ’ വീട് നിറയെ മഹാത്മാഗാന്ധിയാണ്‌. പ്രതിമയായും ചിത്രങ്ങളായും ചുവരുകളിലും മുറ്റത്തും പൂന്തോട്ടത്തിലുമെല്ലാം ഗാന്ധിജിയെ കാണാം. അദ്ദേഹത്തിന്റെ വീട് തന്നെ  ആർട് ഗ്യാലറിയാണ്. ഇവിടത്തെ മാസ്‌റ്റർപീസ്‌ സ്വാതന്ത്ര്യസമര ചരിത്രരേഖകൾ ഉൾപ്പെടുത്തിയ ഗാന്ധിജിയുടെ ഛായാചിത്രമാണ്. അഞ്ചടി ഉയരത്തിലും മൂന്നടി വീതിയിലുമായി  ക്യാൻവാസിൽ കത്തി ഉപയോഗിച്ച്‌ ചെയ്‌ത ഈ ചിത്രത്തിൽ 1857 മുതൽ 1947 വരെയുള്ള സ്വാതന്ത്ര്യ സമര ചരിത്ര മുഹൂർത്തങ്ങൾ സൂക്ഷ്മതയോടെ ആലേഖനം ചെയ്തിരിക്കുന്നു.  
ഗാന്ധിജി ഉൾപ്പെടെ ജീവിതത്തിൽ സ്വാധീനിച്ച 1007 പ്രശസ്തരുടെ മുഖങ്ങൾ 27 മീറ്റർ പേപ്പറിൽ വരച്ച് അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം നേടിയിട്ടുണ്ട്‌.  250 ഗാന്ധി തലകൾ ഒറ്റ ക്യാൻവാസിൽ വരച്ചിട്ടുണ്ട്‌. ഇതിന് 2018ലെ ഗാന്ധി സ്മൃതി അവാർഡും ലഭിച്ചു. പേപ്പറുകൊണ്ട് നിർമിച്ച ഗാന്ധി കൊളാഷാണ്‌ മറ്റൊന്ന്‌.  
2500ൽ പരം പെയിന്റിങ്ങുകളുടെയും മഹാന്മാരുടെ പ്രതിമകളുടെയും ശേഖരമുണ്ടിവിടെ.  2018ൽ സാവിയോ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ചിത്രകലാ അധ്യാപകനായി വിരമിച്ചു.  എ പി ജെ അബ്ദുൾ കലാം മെമ്മോറിയൽ കർമ ശ്രേഷ്ഠാ അവാർഡ്,  ക്യാമൽ ഇന്റർനാഷണൽ അവാർഡ്,  ഇന്ത്യൻ ഐക്കൺ അവാർഡ്, ഇന്റർനാഷണൽ ഐക്കൺ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.  ഭാര്യ: ഗ്ലാഡിസ്. മക്കൾ: റോണി ദേവസ്യ, റെന്നി ദേവസ്യ.


deshabhimani section

Related News

View More
0 comments
Sort by

Home